ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലേറിയാൽ സ്ത്രീ ശാക്തീകരണത്തിൽ പുതിയ അദ്ധ്യായം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീ ശാക്തീകരണമുള്ള രാജ്യത്തിന് മാത്രമേ അതിവേഗം മുന്നേറാൻ സാധിക്കുകയുള്ളൂവെന്നും സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ള അവസരങ്ങൾ ഉയർത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. സശക്ത് നാരി-വികസിത് ഭാരത് പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” നമ്മുടെ രാജ്യത്തിന്റെ നെടുംതൂണുകളാണ് സ്ത്രീകൾ. കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുക മാത്രമായിരുന്നു ചെയ്തിരുന്നത്. എന്നാൽ ബിജെപി അധികാരത്തിലേറിയപ്പോൾ അവരുടെ ജീവിതത്തിലെ ഓരോ വിഷമഘട്ടത്തിലും കേന്ദ്രസർക്കാർ അവരെ സഹായിച്ചു. ടോയ്‌ലറ്റുകളുടെ അഭാവം, പാഡുകളുടെ ഉപയോഗം, സ്ത്രീകൾക്കായുള്ള ബാങ്ക് അക്കൗണ്ടുകളുടെ ആവശ്യകത തുടങ്ങിയവയെ കുറിച്ചെല്ലാം അവരിൽ അവബോധം സൃഷ്ടിക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചിച്ചു. ഇത്തരത്തിൽ വ്യത്യസ്ത സംരംഭങ്ങളുമായാണ് കേന്ദ്രസർക്കാർ രംഗത്തെത്തിയത്.”- പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ ഇത്തരത്തിൽ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചപ്പോൾ കോൺഗ്രസ് അതിനെ എതിർക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്. എന്നാൽ അവർ നിങ്ങൾക്കും രാജ്യത്തിനും വേണ്ടി എന്ത് ചെയ്‌തെന്നും പ്രധാനമന്ത്രി ചോദിച്ചു. സശക്ത് നാരി-വികസിത് ഭാരത് പദ്ധതിയിലെ ആനുകൂല്യങ്ങൾക്ക് അർഹരായ സ്ത്രീകളുമായി പ്രധാനമന്ത്രി സംവദിച്ചു. ദീൻദയാൽ അന്ത്യോദയ യോജന, ഗ്രാമീണ ഉപജീവന ദൗത്യം തുടങ്ങിയവ ലക്ഷ്യം വച്ച് നടപ്പിലാക്കിയ പദ്ധതികൾക്ക് നിരവധി സ്ത്രീകളാണ് ആനുകൂല്യങ്ങൾക്ക് അർഹരായിരിക്കുന്നതെന്നും ഇവരുടെ ഉയർച്ചയ്‌ക്കും സുരക്ഷയ്‌ക്കും കേന്ദ്രസർക്കാർ മുൻഗണന നൽകുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.















