മൈസൂരു: മൈസൂർ മുൻസിപ്പൽ കോർപ്പറേഷൻ മുൻ അംഗത്തിന്റെ സഹോദരൻ നഗരമധ്യത്തിൽ വെട്ടേറ്റു മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. കർണ്ണാടക ന്യൂനപക്ഷ വികസന കോർപ്പറേഷൻ (കെഎംഡിസി) അദ്ധ്യക്ഷനെതിരെ കേസ് രെജിസ്റ്റർ ചെയ്തു. മൈസൂർ സിറ്റി മുൻ കോർപ്പറേറ്റർ പാണ്ഡു എന്നറിയപ്പെടുന്ന അയാസ് പാഷയുടെ സഹോദരൻ അക്മൽ പാഷയാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 8.30 ഓടെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന അക്മൽ പാഷയെ (44) രാജീവ് നഗറിലെ നിമ്ര മസ്ജിദിന് സമീപം അജ്ഞാതർ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
മൈസൂരിലെ ഉദയഗിരിയിൽ മദഗൗഡ സർക്കിളിന് സമീപത്തായിരുന്നു കൊലപാതകം. ബംഗളൂരു സ്വദേശികളാണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നു. കൊല്ലപ്പെട്ട അക്മൽ എസ്ഡിപിഐ പ്രവർത്തകനാണ്.
സംഭവത്തിൽ കർണാടക ന്യൂനപക്ഷ വികസന കോർപ്പറേഷന്റെ (കെഎംഡിസി) പുതിയ ചെയർമാൻ ബി.കെ. അൽത്താഫ് ഖാനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കൊല്ലപ്പെട്ട അക്മലിന്റെ ഭാര്യ നാസിയ നൽകിയ പരാതിയിലാണ് മുൻ കോർപ്പറേറ്റർ ബഷീർ അഹമ്മദ്, സംസ്ഥാന ന്യൂനപക്ഷ വികസന കോർപ്പറേഷൻ പ്രസിഡൻ്റ് ബികെ അൽത്താഫ് എന്നിവരുൾപ്പെടെ 5 പേർക്കെതിരെ മൈസൂരിലെ ഉദയഗിരി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
കെഎംഡിസി പ്രസിഡൻ്റായി നിയമിതനായ അൽത്താഫ് ഖാന് മാർച്ച് ആറിന് മൈസൂരിൽ സ്വീകരണം നൽകിയിരുന്നു. ഇതിനായി മൈസൂരിലെ വിവിധ ഇടങ്ങളിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഈ ഫ്ലെക്സ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട അക്മൽ മൈസൂർ കോർപ്പറേഷൻ കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.
അനുമോദന പരിപാടിയിൽ അൽതാഫും ബഷീറും ഉൾപ്പെടെയുള്ളവർ അക്മലിനെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ അക്മൽ പരാതി നൽകിയിട്ടുണ്ട്. പിന്നീട് ബികെ അൽത്താഫിനും ബഷീറിനും എതിരെ അക്മൽ വീഡിയോ ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
ഇതിലുണ്ടായ പകയ്ക്കാണ് തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് മരിച്ച അക്മലിന്റെ ഭാര്യ നാസിയ പരാതിപ്പെട്ടു. നാസിയയുടെ പരാതിയിൽ ബഷീർ അഹമ്മദ്, ബി.കെ. അൽതാഫ് ഖാൻ, പർവിസ്, ഇബ്രാഹിം, പൈസാൻ അഹമ്മദ് എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ ഉദയഗിരി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംശയിക്കുന്ന മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും സിറ്റി പോലീസ് കമ്മീഷണർ രമേഷ് ബി മാധ്യമങ്ങളോട് പറഞ്ഞു.