കോട്ടയം: കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ മരണപ്പെട്ടതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ 25 പേർക്കെതിരെ കേസെടുത്ത് പോലീസ്. ഗതാഗത മാർഗം തടയുക, ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ സംഘം ചേരുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നാട്ടുകാർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവർ വെള്ളിയാഴ്ചയ്‌ക്കകം കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാകണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട 16 പേർക്കെതിരെയുള്ള സമൻസ് പോലീസ് കൈമാറി.
കഴിഞ്ഞ വർഷം മെയ് 19നാണ് രണ്ട് പേർ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണപ്പെട്ടത്. വീടിന്റെ വരാന്തയിലിരിക്കുകയായിരുന്ന ചാക്കോ (65) റബർ ടാപ്പിംഗ് തൊഴിലാളിയായ തോമസ് ആന്റണി (65) എന്നിവരാണ് മരിച്ചത്. സംഭവത്തെ തുടർന്ന് നിരവധി ജനങ്ങളാണ് പ്രതിഷേധം ഉയർത്തി റോഡ് ഉപരോധിച്ച് രംഗത്തെത്തിയത്. ഇതിന്റെ പേരിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് വൈകാരികമായി പ്രതിഷേധിച്ച 25 പേർക്കെതിരെ പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.















