ന്യൂയോർക്ക്: തെളിവുകളുടെ അടിസ്ഥാനത്തിൽ ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ തീവ്രവാദികളുടെ പട്ടിക തയ്യാറാക്കുന്നത് തടയാൻ വീറ്റോ അധികാരം ഉപയോഗിക്കുന്ന രാജ്യങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. തീവ്രവാദമെന്ന വിപത്തിനെ നേരിടുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്ന കൗൺസിലിന്റെ വാദം വെറും ഇരട്ടത്താപ്പ് മാത്രമാണെന്നും ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. യുഎൻ സുരക്ഷാ കൗൺസിലിന്റെ ഒരു സെഷനിൽ സംസാരിക്കുകയായിരുന്നു ഇവർ.
” അന്താരാഷ്‌ട്ര തലത്തിൽ പോലും കുപ്രസിദ്ധി നേടിയ ഭീകരരെ പട്ടികപ്പെടുത്തുന്നത് യാതൊരു ന്യായീകരണവും കൂടാതെയാണ് വീറ്റോ ചെയ്യപ്പെടുന്നത്. യഥാർത്ഥ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള പട്ടികപ്പെടുത്തലുകൾ പോലും നടത്തുന്നത്. എന്നാൽ ഇവ ലിസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി നിർദ്ദേശങ്ങൾക്ക് വിളിക്കാത്തത് ഭീകരതയെ ചെറുക്കുന്നതിൽ കൗൺസിലിന്റെ പ്രതിബദ്ധത എത്രത്തോളമുണ്ടെന്നാണ് തെളിയിക്കുന്നതെന്നും” രുചിര കാംബോജ് വിമർശിച്ചു. ചൈനയ്‌ക്കെതിരായ പരോക്ഷ വിമർശനം കൂടിയായിരുന്നു രുചിര കാംബോജിന്റെ വാക്കുകൾ.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളും ലഷ്‌കർ ഭീകരനായ സാജിദ് മിറിനെ ആഗോള ഭീകരരുടെ പട്ടികയിൽ പെടുത്താനുള്ള നിർദ്ദേശം യുഎൻ സുരക്ഷാ കൗൺസിലിന്റെ സമിതിക്ക് മുൻപാകെ ഇന്ത്യയും അമേരിക്കയും എത്തിച്ചിരുന്നു. എന്നാൽ ചൈനയുടെ ഇതിനെ എതിർത്തു. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇയാൾക്ക് ചൈന പിന്തുണ നൽകിയതിനെ ഇന്ത്യ സമിതിയിൽ വച്ച് തന്നെ രൂക്ഷമായി വിമർശിച്ചിരുന്നു. എല്ലാ അംഗരാജ്യങ്ങളുടേയും പിന്തുണയോട് കൂടി മാത്രമാണ് ഇത്തരത്തിൽ ഭീകരരെ പട്ടികപ്പെടുത്തുന്നത്.
ഈ സാഹചര്യത്തിൽ സുരക്ഷാ കൗൺസിലിന്റെ അജണ്ടയിൽ നിന്ന് കാലഹരണപ്പെട്ടതും അപ്രസക്തവുമായ ഭാഗങ്ങൾ ഒഴിവാക്കി മാറ്റങ്ങൾ കൊണ്ടുവരണമെന്നും രുചിര കാംബോജ് നിർദ്ദേശിച്ചു. ” അന്താരാഷ്‌ട്ര സമാധാനത്തിനും സുരക്ഷയ്‌ക്കും വെല്ലുവിളി ഉയർത്തുന്ന ഭീഷണികളെ പ്രതിരോധിക്കേണ്ടത് കൗൺസിലിന്റെ കൂടി ആവശ്യമാണ്. ഈ 21ാം നൂറ്റാണ്ടിന് അനുയോജ്യമായ രീതിയിലുള്ള മാറ്റങ്ങൾ നടപ്പിലാക്കണം. സുരക്ഷാ കൗൺസിലിന്റെ വിപുലീകരണവും ഈ ഘട്ടത്തിൽ അത്യാവശ്യമാണ്. കൗൺസിലിന്റെ പ്രവർത്തനരീതികളെ കുറിച്ച് ഇന്ന് ഒരു സംവാദം ആവശ്യമാണെന്നും” രുചിര കാംബോജ് ചൂണ്ടിക്കാട്ടി.