അഹമ്മദാബാദ്: രാജ്യത്തെ 10 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദ്-മുംബൈ സെൻട്രൽ, സെക്കന്തരാബാദ്-വിശാഖപട്ടണം, മൈസൂരു-ഡോ എംജിആർ സെൻട്രൽ, പട്ന-ലക്നൗ, ന്യൂ ജൽപായ്ഗുരി-പാറ്റ്ന, പുരി-വിശാഖപട്ടണം, ലക്നൗ-ഡെറാഡൂൺ, കലബുറഗി-ബെംഗളൂരു, റാഞ്ചി-വാരണാസി, ഖജുരാഹോ- ഡൽഹി എന്നീ 10 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫാണ് അഹമ്മദാബാദിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ഓൺലൈനായി നിർവഹിച്ചത്.
നാല് വന്ദേ ഭാരത് എക്‌സ്പ്രസുകളുടെ സർവീസും 85,000 കോടിയുടെ റെയിൽവേ വികസന പദ്ധതികളുടെ തറക്കല്ലിടീലും ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. അഹമ്മദാബാദ്-ജാംനഗർ വന്ദേ ഭാരത് എക്‌സ്പ്രസ് ദ്വാരക വരെയും അജ്മീർ-ഡൽഹി സരായ് രോഹില്ല വന്ദേ ഭാരത് എക്‌സ്പ്രസ് ചണ്ഡീഗഡ് വരെയും ഗൊരഖ്പൂർ-ലക്നൗ വന്ദേ ഭാരത് പ്രയാഗ്രാജ് വരെയും തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് മംഗലാപുരം വരെയുമാണ് സർവീസ് നീട്ടിയത്. തിരുപ്പതി- കൊല്ലം- തിരുപ്പതി എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫും അദ്ദേഹം നിർവഹിച്ചു. 24 സംസ്ഥാനങ്ങളിലെ 256 ജില്ലകളിലൂടെ ആകെ 41 വന്ദേ ഭാരത് ട്രെയിനുകളാണ് നിലവിൽ രാജ്യത്ത് സർവീസ് നടത്തുന്നത്.