ന്യൂഡൽഹി: ഫിറ്റ്‌നസ് വീണ്ടെടുത്ത് ഒടുവിൽ ഇന്ദ്രപ്രസ്ഥത്തിലേക്ക് അവൻ മടങ്ങിയെത്തുന്നു. ബിസിസിഐയാണ് ഋഷഭ് പന്തിന്റെ മടങ്ങി വരവ് ഔദ്യോഗികമായി അറിയിച്ചത്. കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പന്ത് വരുന്ന ഐപിഎൽ സീസണിൽ ഡൽഹിക്കായി കളിക്കും. ബിസിസിഐയുടെ ഫിറ്റ്നസ്, മെഡിക്കൽ ടീമുകൾ ഋഷഭ് പന്തിന് കളിക്കാനുള്ള അനുമതി നൽകി. ബിസിസിഐ പ്രസിഡന്റ് ജയ് ഷായാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്ന പന്ത് വരുന്ന ജൂണിൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിന്റെയും ഭാഗമായേക്കും.
പന്തിന്റെ മടങ്ങി വരവിനെ കുറിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇന്നലെ സൂചന നൽകിയിരുന്നു. അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നുണ്ട്, കീപ്പിംഗും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന് ടി20 ലോകകപ്പ് കളിക്കാനായാൽ അത് ടീമിനെ സംബന്ധിച്ച് വലിയൊരു കാര്യമാകും. അദ്ദേഹം നമുക്ക് വലിയൊരു മുതൽക്കൂട്ടാണെന്നും ജയ് ഷാ വ്യക്തമാക്കിയിരുന്നു. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന പന്തിന് ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി (എൻസിഎ) ഫിറ്റ്നസ് ക്ലിയറൻസ് നൽകിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
2022 ഡിസംബർ 30നാണ് ഡൽഹി- ഡെറാഡൂൺ ഹൈവേയിൽ വച്ച് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കാറിന് തീ പിടിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് പുറത്ത് കടക്കാനായതാണ് പന്തിന് രക്ഷയായത്. 14 മാസത്തെ ഇടവേളക്ക് ശേഷമാണ് പന്ത് കളിക്കളത്തിലേക്ക് തിരിച്ചു വരുന്നത്.