വനിതാ പ്രീമിയർ ലീഗിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾക്കായുള്ള കനത്ത പോരാട്ടത്തിൽ ടീമുകൾ. നിലവിൽ പോയിന്റ് പട്ടികയിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസാണ് മുന്നിൽ. തൊട്ടുപിന്നിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി മുംബൈയുമുണ്ട്. നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി ഒന്നാമതെത്തിയത്.
ആറു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി ആർസിബിയാണ് മൂന്നാമത്. മുംബൈയ്‌ക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാൽ മൂന്നാം സ്ഥാനത്ത് തന്നെ സ്മൃതിയും കൂട്ടരും തുടരും.
എന്നാൽ, മുംബൈയോട് തോറ്റാൽ ആറു പോയിന്റുമായി ആർസിബി ടൂർണമെന്റിൽ നിന്ന് പുറത്താകും. ഇതോടെ ടൂർണമെന്റിന്റെ നോക്കൗട്ടിലേക്ക് പ്രവേശിക്കാൻ യുപി വാരിയേഴ്‌സും ഗുജറാത്ത് ജയന്റ്‌സും മത്സരിക്കും.
എട്ട് മത്സരങ്ങളിൽ നിന്ന് യുപി വാരിയേഴ്‌സിന് ആറു പോയിന്റും 7 മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമാണ് ഗുജറാത്ത് ജയന്റ്‌സിനുള്ളത്. വലിയ മാർജിനിൽ മുംബൈ ഇന്ത്യൻസ് ആർസിബിയെ തോൽപ്പിക്കുകയും നാളെ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തുകയും ചെയ്താൽ ഗുജറാത്തിന് പ്ലേഓഫിലേക്ക് യോഗ്യത നേടാം. ഇന്ന് മുംബൈ വിജയിച്ചാൽ ടൂർണമെന്റ് ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും.















