കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പിലാക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സ്വീകരിച്ചതാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രിയുടെ തീരുമാനം പൂർണമായും ശരിയാണെന്നും, രാജ്യത്തെ ജനങ്ങൾ ഈ നിയമത്തെ പിന്തുണയ്‌ക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു. ബംഗാളിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് സ്മൃതി ഇറാനി നിലപാട് വ്യക്തമാക്കിയത്.
സിഎഎ നടപ്പാക്കിയതിന് പിന്നാലെ മമത ബാനർജി വ്യാജ പ്രചാരണങ്ങളുമായി രംഗത്തെത്തിയിരുന്നു. സിഎഎയ്‌ക്ക് അപേക്ഷിക്കുന്നവരെ നിയമവിരുദ്ധ കുടിയേറ്റക്കാരായി കണക്കാക്കുമെന്നും, ഇപ്പോഴുള്ളത് തിരഞ്ഞെടുപ്പ് തന്ത്രമാണെന്നുമായിരുന്നു”മമതയുടെ വാദം. എന്നാൽ മമതയുടെ ആരോപണം തീർത്തും തെറ്റാണെന്ന് സ്മൃതി ഇറാനി വ്യക്തമാക്കി. ” മമത ബാനർജി വോട്ട് ബാങ്കിന് വേണ്ടി ചില സമുദായങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രിയുടെ തീരുമാനം ശരിയാണെന്ന് മാത്രമല്ല, അതൊരു മനുഷ്യത്വപരമായ തീരുമാനമാണെന്ന് ഈ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും അറിയാം.
അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് സ്വന്തം മതവും വിശ്വാസവും സംരക്ഷിക്കണമെന്ന് ആഗ്രഹിച്ച് കുടിയേറിയ വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അവർക്ക് പൗരത്വം നൽകും. സിഎഎ നടപ്പിലാക്കിയതിന് പിന്നാലെ നിരവധി പേർ പ്രധാനമന്ത്രിയെ നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത് നിങ്ങൾ നേരിട്ട് കണ്ടതാണ്. ഓരോ വ്യക്തിയുടേയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും” സ്മൃതി ഇറാനി പറഞ്ഞു.