യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്വപ്‌ന കുതിപ്പ് തുടർന്ന് ആഴ്‌സണൽ. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ എഫ്.സി പോർട്ടോയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ആഴ്‌സണൽ ക്വാർട്ടർ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. സ്‌കോർ 4-2. 14 വർഷങ്ങൾക്ക് ശേഷമാണ് ആഴ്‌സണൽ ക്വാർട്ടറിലേക്ക് യോഗ്യത നേടുന്നത്. 2010-ലും എഫ്.സി പോർട്ടോയെ തോൽപ്പിച്ചാണ് ടീം അവസാന എട്ടിലെത്തിയത്.
41-ാം മിനിറ്റിൽ ആഴ്‌സണൽ ഒരു ഗോൾ നേടിയതോടെ ഇരുപാദങ്ങളിലുമായി സ്‌കോർ (1-1) തുല്യമായി. ഒരു ഗോളിന് ഒന്നാം പാദ മത്സരത്തിൽ ആഴ്‌സണൽ തോറ്റിരുന്നു. നിശ്ചിതസമയത്ത് ഇരുടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം സമനിലയിലേക്ക് നീങ്ങിയത്. ഡെക്ലാൻ റൈസ്, ബുകായോ സാക, കായ് ഹാവെർട്‌സ്, മാർട്ടിൻ ഒഡിഗാർഡ് എന്നിവരുടെ കിക്കുകളാണ് ആഴ്‌സണലിനായി ലക്ഷ്യം കണ്ടത്. പോർട്ടോ താരങ്ങളായ വെണ്ടെൽ, ഗലേനോ എന്നിവരുടെ കിക്കുകൾ ഗോളി ഡേവിഡ് റയ തടഞ്ഞിട്ടു. പെപ്പ, മാർകോ ഗുർജിക് എന്നിവർ പോർട്ടോക്കായും വലകുലുക്കി.
പ്രീമിയർ ലീഗിന്റെ പോയിന്റ് പട്ടികയിൽ തലപ്പത്തെത്തിയതിന് പിന്നാലെയാണ് മൈക്കൽ അർട്ടേറ്റയും സംഘവും ചാമ്പ്യൻസ് ലീഗിന്റെ അവസാന എട്ടിലെത്തുന്നത്. ലീഗ് മത്സരങ്ങളിൽ എതിരാളികളുടെ വലയിൽ 33 ഗോളുകളാണ് ആഴ്‌സണൽ താരങ്ങൾ അടിച്ചുകൂട്ടിയത്. റയൽ മാഡ്രിഡ്, പിഎസ്ജി, ബയേൺ മ്യൂണിക്, മാഞ്ചസ്റ്റർ സിറ്റി, ബാഴ്‌സലോണ എന്നീ ടീമുകളാണ് അവസാന എട്ടിൽ ഇടംപിടിച്ചത്.