രോഹിത് ശർമ്മ ഹൃദയ ശുദ്ധിയുള്ള താരമെന്ന് സഹതാരം രവിചന്ദ്രൻ അശ്വിൻ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനിടെ തനിക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നപ്പോൾ രോഹിതിന്റെ വലിയ സഹായം ഉണ്ടായെന്ന് അശ്വിൻ പറഞ്ഞു. 500 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് രാജ്കോട്ട് ടെസ്റ്റിനിടെ അശ്വിൻ നാട്ടിലേക്ക് മടങ്ങിയത്. അമ്മയ്‌ക്ക് വയ്യാതായതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ താരം ഇപ്പോൾ താൻ അനുഭവിച്ച സംഘർഷങ്ങളെ പറ്റിയും ഡ്രസ്സിംഗ് റൂമിൽ നടന്ന സംഭവങ്ങളെ പറ്റിയും തുറന്നുപറഞ്ഞിരിക്കുകയാണ്.
500-ാം വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഭാര്യയിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ ഉള്ള അഭിനന്ദന സന്ദേശത്തിന് വേണ്ടി ഞാൻ കാത്തിരുന്നു. വൈകിട്ട് 7 മണിയായിട്ടും അവരിൽ നിന്ന് എനിക്കൊരു കോളോ മെസേജോ വന്നില്ല. വളരെ അസ്വാഭാവികത തോന്നി. അവർ അഭിമുഖങ്ങൾ നൽകുകയായിരിക്കും എന്നാണ് ഞാൻ കരുതിയത്. പക്ഷേ കുറച്ചു നേരത്തിന് ഉള്ളിൽ ഞാൻ ഭാര്യയെ വിളിച്ചു. അവളുടെ ശബ്ദം ഇടറി. അവളെന്നോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് അമ്മ കുഴഞ്ഞുവീണ കാര്യം അവൾ എന്നോട് പറഞ്ഞത്.
ഇതിനെ എങ്ങനെ നേരിട്ടെന്ന് എനിക്കറിയില്ല. ഞാൻ മറ്റുള്ളവർ കാണാതെ ഡ്രസിംഗ് റൂമിലിരുന്ന് കരഞ്ഞു. ഫോണിൽ കിട്ടാതെ വന്നതോടെ ഭാര്യ എന്നെ നോക്കാനായി ടീം ഫിസിയോട് ആവശ്യപ്പെട്ടത്. രോഹിത് ശർമ്മയെയും രാഹുൽ ദ്രാവിഡിനെയും അവൾ കാര്യമറിയിച്ചിട്ടുണ്ടാകും എന്നെനിക്ക് ഉറപ്പായിരുന്നു. അവരോട് എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു. ടീം വിട്ടാലോ എന്നുവരെ ഞാൻ ചിന്തിച്ചു. രാജ്‌കോട്ട് ടെസ്റ്റിൽ ഇംഗ്ലണ്ടിന് മേൽക്കൈ ഉണ്ടായിരുന്ന സമയമായിരുന്നു അത്. താൻ നാട്ടിലേക്ക് മടങ്ങിയാൽ ഇന്ത്യൻ ടീം 10 പേരായി ചുരുങ്ങും. ഇന്ത്യയ്‌ക്ക് ഒരു ബൗളറുടെ അഭാവം ഉണ്ടാകും. പരമ്പര 1-1ന് തുല്യമാണ്.
അമ്മയോട് അവസാനമായി സംസാരിച്ചതുൾപ്പെടെ ഞാൻ ചിന്തിച്ചു. അമ്മയെ പോയി കാണാൻ തീരുമാനിച്ചു. അമ്മയ്‌ക്ക് ബോധം തെളിഞ്ഞോ എന്ന് ചോദിച്ചു കൊണ്ടേയിരുന്നു. എന്നാൽ ഡോക്ടർമാർ കാണാൻ അനുമതി നൽകിയില്ലെന്ന് പറഞ്ഞു. ഫ്‌ളൈറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ രാജ്കോട്ടിൽ നിന്ന് ചെന്നൈയിലേക്ക് ഫ്‌ളൈറ്റ് ഇല്ല. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആ സമയത്താണ് രോഹിതും രാഹുൽ ഭായിയും മുറിയിലേക്ക് വന്നത്. ചിന്തിച്ചിരിക്കാതെ നാട്ടിലേക്ക് മടങ്ങാനും ചാർട്ടേഡ് ഫ്‌ളൈറ്റ് ശരിയാക്കി തരാമെന്നും ഞാൻ ആലോചിക്കുന്നത് കണ്ട് രോഹിത് പറഞ്ഞു.
ചേത്വേശ്വർ പൂജാരയ്‌ക്ക് ഒരു വലിയ നന്ദി പറയുന്നു. രണ്ട് മണിക്കൂറിനുള്ളിൽ പൂജാര തനിക്ക് ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കി നൽകി. നാട്ടിലേക്കുള്ള ആ യാത്രയിൽ എനിക്കൊപ്പം ഫിസിയോ കമലേഷിനെയും രാഹുൽ അയച്ചു. അതും നിർണായക സമയത്ത്. ഞാൻ കമലേഷിനോട് ടീമിനൊപ്പം തുടരാൻ ആവശ്യപ്പെട്ടു. എന്നാൽ രാഹുൽ അത് കുഴപ്പമില്ലെന്ന് പറഞ്ഞു. യാത്രയിലുടനീളം കമലേഷിനെ വിളിച്ചാണ് രാഹുൽ കാര്യങ്ങൾ തിരക്കിയത്. രോഹിത്തിന്റെ പ്രവൃത്തി എന്നെ അത്ഭുതപ്പെടത്തി. ഞാനാണ് ക്യാപ്റ്റനെങ്കിൽ രണ്ടാമതൊന്നും ചിന്തിക്കാതെ വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെടും. പക്ഷേ രാഹുൽ നിരന്തരമായി കാര്യങ്ങൾ തിരക്കിക്കൊണ്ടിരുന്നു. എന്നോടൊപ്പം യാത്ര ചെയ്യാൻ കമലേഷിനോട് ആവശ്യപ്പെടുന്നു. അവിശ്വസനീയം!.
രോഹിത് ശർമ്മയുടെ നല്ല മനസാണ് ഇത്രയും കാര്യങ്ങൾക്ക് കാരണമായത്. ഐപിഎല്ലിൽ അഞ്ച് കിരീടങ്ങൾ നേടിയ നായകനാണ് രോഹിത്. എന്നിട്ടും രോഹിതിന് ഒരു താരത്തിന്റെ തലക്കനമില്ല. ആ നല്ല മനസിന് ഇനിയും ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. താൻ രോഹിതിനുവേണ്ടി പ്രാർത്ഥിക്കുന്നതായും രവിചന്ദ്രൻ അശ്വിൻ പ്രതികരിച്ചു.