ലോകത്തെ ആദ്യ AI സോഫ്റ്റ്വെയർ എഞ്ചിനീയറെ വികസിപ്പിച്ച് യുഎസ് കമ്പനി. എഴുതാനും ഡിബഗ് ചെയ്യാനും വെബ്സൈറ്റ് തയ്യാറാക്കാനും വീഡിയോസ് സൃഷ്ടിക്കാനും പര്യാപ്തമായ AI എഞ്ചിനീയറെയാണ് കോഗ്നിഷ്യൻ എന്ന കമ്പനി സൃഷ്ടിച്ചിട്ടുള്ളത്. ഡെവിൻ എന്നാണ് ഈ സോഫ്റ്റ്വെയർ എഞ്ചിനീയർക്ക് പേര് നൽകിയിരിക്കുന്നത്.
കൃത്യമായി പറഞ്ഞാൽ software development assistant ആണ് ഡെവിൻ. സിംഗിൾ commandലൂടെ ഒരു വെബ്സൈറ്റ് അല്ലെങ്കിൽ സോഫ്റ്റ്വെയർ പ്രോഗ്രാം പ്രവർത്തിപ്പിക്കാൻ ഡെവിന് കഴിയും. കൂടാതെ ബഗ് കണ്ടെത്താനും പരിഹരിക്കാനും ഡെവിൻ മിടുക്കനാണ്. ട്രബിൾഷൂട്ടിംഗിനായി വേണ്ടി വരുന്ന സമയവും കുറയ്ക്കും.
ചില ടാസ്കുകൾ ഓട്ടോമാറ്റിക്കായി പൂർത്തിയാക്കുക, കോഡിംഗിനായി ചില നിർദ്ദേശങ്ങൾ നൽകുക എന്നതിലുപരി ഒരു സോഫ്റ്റ്വെയർ പ്രോജക്ട് മുഴുവനായി ഏറ്റെടുത്ത് സ്വന്തമായി തയ്യാറാക്കാൻ ഡെവിന് കഴിയുമെന്നതാണ് പ്രത്യേകത. സ്വന്തമായി command ലൈൻ, കോഡ് എഡിറ്റർ, ബ്രൗസർ എന്നിവയുള്ളതിനാൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ ഡെവിന് സാധിക്കുന്നു.
ഒരു പ്രോഗ്രാമ്മറാവാൻ AIയെ പഠിപ്പിക്കുകയെന്നത് വളരെ ആഴമേറിയ അൽഗോരിതമിക് പ്രോബ്ലം ആണെന്ന് കോഗ്നീഷ്യൻ ചീഫ് എക്സിക്യൂട്ടീവ് സ്കോട്ട് വൂ പ്രതികരിച്ചു. വളരെ സങ്കീർണമായ തീരുമാനങ്ങൾ കൃത്യതയോടെ സ്വീകരിച്ച് പ്രവർത്തിക്കാനും ഭാവി മുന്നിൽക്കണ്ട് ചുവടുവയ്പ്പുകൾ നടത്തി ഏതുവഴിയിലൂടെ സഞ്ചരിക്കണമെന്ന് തീരുമാനിക്കാനും കഴിയുന്ന വിധത്തിലാണ് അൽഗോരിതം തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.