തൃശൂർ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇനി സറീനാ കുൽസുവിനും വോട്ടുചെയ്യാം. കാരണം ഇനിയവർ ഇന്ത്യൻ പൗരയാണ്. ശ്രീലങ്കക്കാരിയായിരുന്ന സറീനയ്ക്ക് കഴിഞ്ഞ ദിവസമാണ് കളക്ടർ ആർ. കൃഷ്ണതേജയിൽ നിന്ന് പൗരത്വ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ 32 വർഷമായി ഇന്ത്യയിൽ കഴിയുന്നയാളാണ് സറീനാ കുൽസു.
18-ാം വയസിൽ പിതാവിനൊപ്പം അബുദാബിയിലെത്തിയ സറീന 1990ൽ തൃശൂർ അകമല ചാലിപ്പറമ്പിൽ അലി മുഹമ്മദിനെ വിവാഹം കഴിച്ചു. രണ്ട് വർഷത്തിന് ശേഷം അകമലയിൽ എത്തി. പിന്നീടങ്ങോട്ട് ഓരോ വർഷവും പാസ്പോർട്ടും വിസയും പുതുക്കിയാണ് സറീന ഇന്ത്യയിൽ കഴിഞ്ഞിരുന്നത്. ഒടുവിൽ ശ്രീലങ്കയിലെ പുത്തളം ജില്ലക്കാരിയായ സറീനയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുകയായിരുന്നു.
പൗരത്വ നിയമം മുസ്ലീങ്ങൾക്ക് എതിരാണെന്ന പ്രചാരണങ്ങൾ ശക്തമാകുന്നതിനിടെയാണ് സറീനയ്ക്ക് പൗരത്വം ലഭിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സിഎഎ നിലവിൽ വരുന്നതോടെ ഭാരതത്തിൽ പൗരത്വമില്ലാത്ത എല്ലാ മുസ്ലീങ്ങളെയും അടിച്ചുപുറത്താക്കുമെന്ന കുപ്രചാരണം നടത്തുന്ന ഇടത് നേതാക്കൾക്കും ഇൻഡി മുന്നണിക്കുമുള്ള മറുപടി കൂടിയാണ് സറീനയുടെ പൗരത്വം.