വേർപിരിയലിന് ശേഷം ആദ്യമായി ധനുഷിനെ പറ്റി സംസാരിച്ച് ഐശ്വര്യ രജനികാന്ത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ധനുഷിനെ പറ്റി ഐശ്വര്യ സംസാരിച്ചത്. 20 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ 2022 ജനുവരിയിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇരുവരും വേർപിരിയുന്നു എന്ന കാര്യം ആരാധകരുമായി പങ്കുവച്ചത്. പിന്നീട് മക്കൾക്കൊപ്പം പല പൊതുപരിപാടികളിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു.
സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദറിന്റെ സംഗീത ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ധനുഷിനെ പറ്റി ഐശ്വര്യ സംസാരിച്ചത്. ഐശ്വര്യ സംവിധാനം ചെയ്ത 3 എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് രവിചന്ദർ തന്റെ കരിയർ ആരംഭിച്ചത്. ചിത്രത്തിൽ ധനുഷ് ആയിരുന്നു നായകനായി എത്തിയിരുന്നത്. ചിത്രത്തിലെ ‘കൊലവറി’ എന്ന ഗാനം സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിലേയ്‌ക്ക് എന്തുകൊണ്ടാണ് നവാഗതനായ അനിരുദ്ധിനെ തിരഞ്ഞെടുത്തത് എന്നായിരുന്നു അവതാരകന്റെ ചോദ്യം.
‘ അനിരുദ്ധിന്റെ സിനിമയിലെ വളർച്ചയിൽ എനിക്ക് വളരെ അധികം സന്തോഷമുണ്ട്. അനിരുദ്ധ് സിനിമയിൽ എത്താൻ കാരണം ഞാനല്ല. അനിരുദ്ധ് എന്റെ കസിനാണ്. എന്നാൽ സിനിമാ രംഗത്തെ പ്രവേശനത്തിന് കാരണമായത് ധനുഷ് ആയിരുന്നു. അനിരുദ്ധിന്റെ കഴിവുകൾ തിരിച്ചറിഞ്ഞതും ധനുഷായിരുന്നു. 3യിലെ ഗാനങ്ങൾക്ക് സംഗീതം നൽകാൻ എല്ലാ പ്രോത്സാഹനവും നൽകിയതും അദ്ദേഹമായിരുന്നു. അനിരുദ്ധ് സിനിമയിൽ എത്തിയതിന്റെ എല്ലാ ക്രെഡിറ്റും ധനുഷിനാണെന്നായിരുന്നു ഐശ്വര്യയുടെ വാക്കുകൾ.















