അതിർത്തികൾ സുശക്തം; പാക് അതിർത്തിയിൽ വിന്യസിക്കാൻ ആറ് അപ്പാച്ചെ കോപ്റ്ററുകൾ ഇന്ന് ജോധ്പൂരിലെത്തും

Published by
Janam Web Desk

ജോധ്പൂർ: നുഴഞ്ഞുകയറ്റം തടയുന്നത് ലക്ഷ്യമിട്ട് പടിഞ്ഞാറൻ രാജസ്ഥാനിൽ പാകിസ്താൻ അതിർത്തിയോട് ചേർന്ന് ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ കൂടി അധികമായി വിന്യസിക്കാനൊരുങ്ങുന്നു. അമേരിക്കൻ വിമാന കമ്പനിയായ ബോയിങ്ങിന്റെ ആറ് അപ്പാച്ചെ യുദ്ധ ഹെലികോപ്റ്ററുകളാണ് ഇന്ന് സൈന്യം ജോധ്പൂരിൽ എത്തിക്കുന്നത്. ജോധ്പൂരിലെ ആർമി ഏവിയേഷൻ കോർപ്പറേഷന്റെ പുതിയ സ്‌ക്വാഡ്രണിലാണ് ഇവ വിന്യസിക്കുന്നത്.

അതിർത്തിയിലെ സൈനികശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടമായിട്ടാണ് ആറ് ഹെലികോപ്റ്ററുകൾ എത്തിക്കുന്നത്. 2020ലും എഎച്ച്-64ഇ മോഡലിലുള്ള 22 അപ്പാച്ചെ ഹെലികോപ്റ്ററുകൾ വ്യോമസേനക്കായി ബോയിങ് കൈമാറിയിരുന്നു. ലോകത്തിലെ ഏറ്റവും അത്യാധുനിക യുദ്ധ ഹെലികോപ്റ്റർ എന്നാണ് ഇവ അറിയപ്പെടുന്നത്.

ഏറ്റവും മികച്ച നിലവാരമുള്ള നൈറ്റ് വിഷൻ സംവിധാനങ്ങളാണ് ഇതിനുള്ളിൽ ക്രമീകരിച്ചിരിക്കുന്നത്. ഒരു മിനിറ്റിനുള്ളിൽ 138 ലക്ഷ്യങ്ങൾ തകർക്കാൻ കഴിവുള്ള മിസൈലുകളും അപ്പാച്ചെയിൽ സജ്ജീകരിച്ചിട്ടുണ്ട്. മണിക്കൂറിൽ 280 കിലോമീറ്റർ വരെ പറക്കാൻ ഇവയ്‌ക്ക് സാധിക്കും. സ്റ്റിംഗർ മിസൈലുകൾ, ആന്റി ടാങ്ക് എജിഎം 114ഹെൽഫയറും ഇതിനുള്ളിലുണ്ട്. ടാങ്ക്, ബിഎംപി പോലെയുള്ള ആർമേഡ് വെഹിക്കിൾസിനെ തകർക്കാനുള്ള ശേഷി ഹെൽഫയർ മിസൈലുകൾക്കുണ്ട്. ആകാശത്ത് നിന്ന് വരുന്ന ഏതൊരു ആക്രമണ നീക്കത്തേയും പ്രതിരോധിക്കാൻ സ്റ്റിംഗർ മിസൈലുകൾക്ക് സാധിക്കും. പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞു കയറ്റ ശ്രമങ്ങൾ തകർക്കുക എന്നതാണ് അതിർത്തിയിൽ അപ്പാച്ചെ ഹെലികോപ്റ്ററുകൾ വിന്യസിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം.

 

 

Share
Leave a Comment