ബെംഗളൂരു: ആര് തോറ്റാലും ജയിച്ചാലും വനിത പ്രിമിയർ ലീഗിന്റെ കലാശ പോരിന് രണ്ടു മലയാളികളുണ്ടാകും. ഇന്ന് എലിമിനേറ്ററിൽ ബെംഗളൂരു റോയൽ ചലഞ്ചേഴ്സും നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസുമാണ് നേർക്കുനേർ വരുന്നത്. ഇരു ടീമിലും ഓരോ മലയാളി വീതം ഉണ്ടെന്നുള്ളത് മറ്റൊരു കൗതുകം. മാനന്തവാടി സ്വദേശി സജന സജീവൻ മുംബൈയ്‌ക്കായും അനന്തപുരിക്കാരി ആശ ശോഭന ആർ.സി.ബിക്കായും കളത്തിലിറങ്ങുന്നുണ്ട്. ഫൈനലിന് നേരത്തെ ടിക്കറ്റെടുത്ത ഡൽഹിയിലുമുണ്ട് ഒരു മലയാളി. വയനാട്ടുകാരി മിന്നുമണിയാണ് ഡൽഹിയുടെ ഭാഗ്യമണി. ചുരുക്കിപ്പറഞ്ഞാൽ ആര് പ്രിമിയർ ലീഗ് കിരീടം ഉയർത്തിയാലും അവിടൊരു മലയാളി ഭാഗ്യമുണ്ടാകും.
മുംബൈയെ ഏഴ് വിക്കറ്റിനു തകർത്തായിരുന്നു ആർസിബിയുടെ നോക്കൗട്ട് പ്രവേശനം. എലിസ് പെറിയും സ്മൃതി മന്ഥാനയും മികച്ച ഫോമിൽ. റിച്ച ഘോഷ്, ആശ ശോഭന എന്നിവരുടെ പ്രകടനം കരുത്താണെങ്കിലും ഐപിഎല്ലിൽ ആർ.സി.ബി പുലർത്തുന്ന അതേ സ്ഥിരതയാണ് വനിത പ്രമീയിർ ലീഗിലും തുടരുന്നത്. ഒരു മത്സരം മികച്ച മാർജിനിൽ ജയിച്ചാൽ തൊട്ടടുത്ത മത്സരത്തിൽ അമ്പേ പരാജയപ്പെടും. നോക്കൗട്ടിലെ സ്ഥിതി കണ്ടുതന്നെ അറിയണം.
കഴിഞ്ഞ സീസണിലെ നിഴൽ മാത്രമാണ് മുംബൈ ഇപ്പോൾ. സ്ഥിരത കൈവിട്ട ടീം പോയിന്റ് പട്ടികയിൽ രണ്ടാമതായിരുന്നെങ്കിലും ഒറ്റപ്പെട്ട പ്രകടനങ്ങളിലൂടെയാണ് പല വിജയങ്ങളും നേടിയത്. ഹെയ്‌ലി മാത്യൂസ് നിറം മങ്ങിയത് മുംബൈയ്‌ക്ക് വലിയ തിരിച്ചടിയാണ്. മുംബൈക്ക് അപ്രതീക്ഷിതമായി കിട്ടിയ കരുത്താണ് മലയാളിയായ സജന സജീവൻ. അഞ്ചു മത്സരങ്ങളിൽ ബാറ്റിംഗിനിറങ്ങിയ താരം 86 റൺസ് നേടി. ബാറ്റിംഗ് ഓർഡറിലും പ്രൊമോഷൻ ലഭിച്ച താരം കഴിഞ്ഞ മത്സരത്തിൽ ഓപ്പണറായി കളത്തിലെത്തി. അമേലിയ കെർ, ഹർമൻപ്രീത് കൗർ, നാറ്റ് സിവർ ബ്രണ്ട്, സായ്ക ഇഷാക് തുടങ്ങിയർ പോയ സീസണിന്റെ നിഴൽ മാത്രമായി ഒതുങ്ങി. കാര്യമായ അഴിച്ചുപ്പണി ഇരു ടീമുകളിലും ഉണ്ടായേക്കും.