ചെന്നൈ: ബുർഖ ധരിക്കാത്തതിന്റെ പേരിൽ ഭർത്താവ് ആക്രമിച്ച 36 കാരി മരണത്തിന് കീഴടങ്ങി. സയ്യിദ് അലി ഫാത്തിമയെന്ന യുവതിയാണ് മരിച്ചത്. ഭർത്താവ് ഉമ്മറിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഉമ്മറുമായി സയ്യിദ് അലി ഫാത്തിമയുടെ വിവാഹം നടന്നത് ഇതിന് ശേഷം ദമ്പതികൾ മടിപ്പാക്കത്തിനടുത്തുള്ള ബിരിയാണി കടയിൽ ജോലി ചെയ്തു വരികയായിരുന്നു. വിവാഹം മുതൽ ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. വഴക്ക് മൂർച്ചിച്ചതിനെ തുടർന്ന് ഫാത്തിമയുടെ മാതാവ് പാൽക്കീസ് എത്തി ഇരുവരെയും അയനാവരത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ശനിയാഴ്ച (മാർച്ച് 9)നാണ് ദമ്പതികൾ പൽക്കീസിന്റെ വീട്ടിൽ നിന്ന് കുറച്ച് അകലെയുള്ള വസന്ത ഗാർഡനിലെ വീട്ടിലേക്ക് താമസം മാറിയത്.
ഗൃഹപ്രവേശ ചടങ്ങിന് ശേഷം മധുരപലഹാരങ്ങൾ വിതരണം ചെയ്യാൻ ഫാത്തിമ ബുർഖ ധരിക്കാതെ അയൽവീടുകളിൽ പോയതാണ് പ്രശ്നത്തിന്റെ തുടക്കം. ഫാത്തിമയെ ഉമ്മർ അസഭ്യം പറഞ്ഞതായി ഫാത്തിമയുടെ മാതാവ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ശനിയാഴ്ച വീട്ടിൽ എത്തിയപ്പോൾ മക്കൾ ഉറക്കെ കരയുകയായിരുന്നുവെന്നും ഇതിനെ കുറിച്ച് ഉമ്മറിനോട് ചോദിച്ചോൾ തന്നെ അസഭ്യം പറഞ്ഞു.
രാത്രി ഏറെ വൈകിയും ദമ്പതികൾ തമ്മിൽ തർക്കമുണ്ടായെന്നും ദേഷ്യത്തിൽ ഉമ്മർ ഭാര്യയെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പിന്നീട് ഉമ്മർ വിളിച്ച് അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ എത്തിയപ്പോൾ തലയിൽ നിന്ന് രക്തം വാർന്ന നിലയിൽ ഫാത്തിമ സോഫയിൽ കിടക്കുകയായിരുന്നു. ബിരിയാണി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വലിയ ചട്ടുകം ഉപയോഗിച്ചാണ് ഫാത്തിമയെ ആക്രമിച്ചതെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു. രണ്ട് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷമാണ് യുവതി മരണത്തിന് കീഴടങ്ങിയത്. ഉമ്മറിനെ പോലീസ് അറസ്റ്റു ചെയ്തു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയതായി പോലീസ് അറിയിച്ചു.















