ഇഡിക്ക് നൽകിയത് അഴിമതി തടയാനുള്ള നിർദേശം മാത്രം; തന്നെ അധിക്ഷേപിക്കുന്നത് ഇഡിയുടെ പ്രവർത്തനങ്ങളിൽ അസ്വസ്ഥതപ്പെടുന്നവർ: പ്രധാനമന്ത്രി

Published by
Janam Web Desk

ന്യൂഡൽഹി: എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിനെ ചട്ടുകമാക്കിയെന്നുള്ള എതിർകക്ഷികളുടെ കുപ്രചാരണം തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി തടയണമെന്ന നിർദേശം മാത്രമാണ് ഇഡിക്ക് നൽകിയതെന്നും തന്നെ അധിക്ഷേപിക്കുന്നത് ഇഡിയുടെ പ്രവർത്തനങ്ങളിൽ അസ്വസ്ഥത തോന്നുന്ന അഴിമതിക്കാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു ലക്ഷം കോടിയുടെ അനധികൃത സ്വത്ത് പിടിച്ചെടുത്ത ഇഡിയുടെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കെതിരെ അചഞ്ചല പോരാട്ടം നടത്തുന്ന ഇഡിയുടെ പ്രവർത്തനങ്ങളെ ഇന്നലെ പ്രധാനമന്ത്രി വിലയിരുത്തുകയും പ്രശംസിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി ഇഡിയെ ചട്ടുകമാക്കുകയാണെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രവർത്തനങ്ങളിൽ ആശങ്കാകുലരാകുന്ന പ്രതിപക്ഷത്തിന്റെ വാദം. അഴിമതിക്കെതിരെ ശക്തമായി പോരാടണമെന്നും ” അഴിമതിയോടുള്ള സീറോ ടോളറൻസ്” ആണ് മുഖ്യ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. 2014ന് മുമ്പ് അന്വേഷണ ഏജൻസികൾക്ക് സ്വതന്ത്ര്യമായി പ്രവർത്തിക്കാൻ സാധിച്ചിരുന്നില്ല. 2014 വരെ വെറും 1,800 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടെ 4,700 കേസുകൾ രജിസ്റ്റർ ചെയ്തു. 2014 വരെ 5,000 കോടി രൂപയുടെ അനധികൃത സ്വത്താണ് കണ്ടെത്തിയതെങ്കിൽ ഇപ്പോൾ 1 ലക്ഷം കോടിയിലധികം സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡിക്ക് സാധിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഭീകരവാദത്തിനായി ധനസഹായം നൽകിയവർ, സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് വിൽപ്പന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി വ്യക്തികളെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ചിലർക്ക് പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 

Share
Leave a Comment