സോൾ: കടലിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തരകൊറിയ. ദക്ഷിണ കൊറിയയിൽ പ്രസിഡന്റ് യൂൻ സുക് യോളിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സോൾ സന്ദർശിക്കുന്ന സാഹചര്യത്തിലാണ് ഉത്തരകൊറിയയുടെ നീക്കം. ദക്ഷിണ കൊറിയയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ ശക്തമായതിന് ശേഷം രണ്ട് മാസത്തിനിടെ ഇത് ആദ്യമായിട്ടാണ് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്. വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഇന്ന് സോളിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
ദക്ഷിണ കൊറിയയുടെ കിഴക്ക് ഭാഗത്തേക്കാണ് മിസൈൽ തൊടുത്തതെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. ജപ്പാൻ കോസ്റ്റ് ഗാർഡും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. കടലിലേക്കാണ് മിസൈൽ വീണതെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇത് രണ്ടാം തവണയാണ് ദക്ഷിണ കൊറിയയുടെ ഭാഗത്തേക്ക് ഉത്തര കൊറിയ ഇത്തരത്തിൽ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കുന്നത്. എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോൺ ഏരിയയ്‌ക്ക് പുറത്തായിട്ടാണ് വിക്ഷേപണം നടന്നതെന്നാണ് ജപ്പാൻ അറിയിക്കുന്നത്.
അതേസമയം ഇരുരാജ്യങ്ങൾക്കുമിടയിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഏത് സമയവും യുദ്ധം ഉണ്ടായേക്കാമെന്നും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തരകൊറിയയുടെ സൈനികർ പരമ്പരാഗത ആയുധങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് പരിശീലനം നടത്തുന്നത്. കിം ജോങ് ഉൻ നേരിട്ടാണ് ഇത് വിലയിരുത്തുന്നത്. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തിവന്ന വാർഷിക സൈനികാഭ്യാസ പ്രകടനങ്ങൾക്ക് പിന്നാലെയാണ് സൈനികശേഷി ശക്തിപ്പെടുത്തണമെന്ന നിർദ്ദേശം കിം ജോങ് ഉൻ തന്റെ സൈനികർക്ക് നൽകിയത്.