ഇടുക്കി: ജില്ലയിൽ നടന്ന ജനസഭ അലങ്കോലമാക്കാൻ സിപിഎം ശ്രമം. എൻഡിഎ പ്രതിനിധി ശ്രീനഗരി രാജനെ പ്രവർത്തകർ കസേരകൾ വലിച്ചെറിയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ‘പുഷ്പനെ അറിയാമോ’ എന്ന പരാമർശമാണ് സഖാക്കളെ ചൊടിപ്പിച്ചത്. പിന്നാലെ തർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും വഴിവച്ചു. സിപിഎം പ്രവർത്തകർ കസേര വലിച്ചെറിയുകയും ജനസഭ അലങ്കോലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്.
ഇന്നലെ രാത്രി കട്ടപ്പന പഴയ ബസ് സ്റ്റാൻഡിലാണ് നാടകീയ സംഭവങ്ങൾ. ആദ്യഘട്ടത്തിൽ ആരോഗ്യപരമായ ചർച്ചകൾ ജനസഭയിൽ നടന്നു. ജില്ലയുടെ വികസനവും എംപിയുടെ പ്രവർത്തനവും വിലയിരുത്തി. കർഷക സമരം, പൗരത്വ നിയമം ഉൾപ്പടെയുള്ള വിഷയങ്ങളും ജനസഭയിൽ ചർച്ചയായി. എന്നാൽ സംവാദത്തിനിടയിൽ പലതവണ പ്രവർത്തകരുടെ പ്രകോപനമുണ്ടായിരുന്നു.
എൻഡിഎ പ്രതിനിധി മറുപടി പറയുന്നതിനിടെ ‘പുഷ്പനെ അറിയാമോ’ എന്ന പരാമർശം നടത്തിയതോടെ സിപിഎം പ്രവർത്തകർ കൂടുതൽ പ്രകോപിതരായി. തുടർന്നുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. സിപിഎം പ്രതിനിധികൾ ശ്രീനഗരി രാജനെതിരെ കസേരകൾ വലിച്ചറിഞ്ഞു. ജനസഭയ്‌ക്ക് നേരെയും എൻഡിഎ പ്രതിനിധിക്ക് നേരെയും ഉണ്ടായ സിപിഎം അതിക്രമത്തിൽ പ്രതിഷേധവും ശക്തമാവുകയാണ്. ബിജെപിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ പരിപാടികൾക്ക് തയ്യാറെടുക്കുകയാണ് പാർട്ടി. എൻഡിഎയ്‌ക്കായി ശ്രീനഗരി രാജൻ, യുഡിഎഫിനായി ജോയ് വെട്ടിക്കുഴി, എൽഡിഎഫിനായി ബിആർ സജി എന്നിവരാണ് സംവാദ പരിപാടിയുടെ ഭാഗമായത്. ജനം ടിവി പ്രോഗ്രാം മേധാവി അനിൽ നമ്പ്യാരായിരുന്നു സംവാദ പരിപാടി നിയന്ത്രിച്ചിരുന്നത്.















