മലയാള സിനിമയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന സംഗീത സംവിധായകരിലൊരാളാണ് സുഷിൻ ശ്യാം. സംഗീത മേഖലയിൽ ശ്രദ്ധേയനാകുന്നതിന് മുൻപ് നിവിൻ പോളി ചിത്രമായ ‘തട്ടത്തിൻ മറയത്തിൽ’ അദ്ദേഹം അഭിനയിച്ചിരുന്നു. വളരെ കുറച്ച് സമയത്തേക്ക് മാത്രമേ സ്ക്രീനിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും സിനിമ കണ്ട ഏതൊരാളുടെയും ശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു സുഷിന്റേത്. തട്ടത്തിൻ മറയത്തിലേക്ക് എത്തിപ്പെട്ടതെങ്ങനെയെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
റെക്കോഡിംഗ് സമയത്താണ് വിനീത് ശ്രീനിവാസനെ കാണുന്നതെന്നാണ് സുഷിൻ പറയുന്നത്. ചിത്രത്തിൽ തനിക്കായി ഡബ്ബ് ചെയ്തത് സംവിധായകൻ ഗണേഷ് രാജ് ആണെന്നും ഇപ്പോഴും ആ കഥാപാത്രത്തിലൂടെ തന്നെ തിരിച്ചറിയുന്നവരുണ്ടെന്നും സുഷിൻ പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു താരം ഓർമകൾ പങ്കുവച്ചത്.
‘വിനീതേട്ടനെ തട്ടത്തിൻ മറയത്തിന്റെ റെക്കോഡിംഗ് സമയത്താണ് കാണുന്നത്. അന്ന് പുള്ളി ഇങ്ങനൊരു സീനുണ്ട്. ചെയ്യാമോ, എന്നായിരുന്നു ചോദിച്ചത്. ആനന്ദം സിനിമയുടെ ഡയറക്ടറായ ഗണേഷ് രാജായിരുന്നു എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത്. ഇത്രയൊക്കെ സിനിമകൾ ചെയ്തിട്ടും ഇപ്പോഴും തട്ടത്തിൻ മറയത്തിലെ സീൻ ചെയ്തെന്ന രീതിയിൽ ഓർക്കുന്നവരുണ്ട്.
അന്ന്, ഞാൻ അതൊക്കെയും നന്നായി എൻജോയ് ചെയ്തിരുന്നു. സ്ക്രൂവല്ലേ എന്ന് ചോദിക്കും. എന്നെ ഒരാൾ പുറത്തുനിന്ന് കാണുമ്പോൾ, ഇത് ആ പടത്തിലെ ആളല്ലേ എന്ന് ചോദിച്ച് ആളുകൾ എന്നെ തിരിച്ചറിയുമായിരുന്നു. ഇപ്പോൾ എനിക്ക് അഭിനയിക്കാനൊന്നും ആഗ്രഹമില്ല. പലരും അഭിനയിക്കാൻ വിളിക്കാറുണ്ട്. ക്യാമറ ഇപ്പോഴും എനിക്ക് പേടിയാണ്.
തട്ടത്തിൻ മറയത്തിന് ശേഷം ഒരുപാട് പേര് വിളിച്ചിട്ടുണ്ട്. ഞാൻ പലപ്പോഴും വിചാരിക്കുക എന്നെ മ്യൂസിക് ചെയ്യാൻ വേണ്ടി വിളിക്കുന്നതാണെന്ന്. പക്ഷെ അഭിനയിക്കാൻ വിളിക്കുകയാണെന്ന് അറിഞ്ഞാൽ, അതെനിക്ക് പറ്റില്ലെന്ന് പറഞ്ഞ് ഞാൻ ഒഴിവാക്കും. ക്യാമറ കുറച്ചധികം ബുദ്ധിമുട്ടുള്ള കാര്യമാണ്.’- സുഷിൻ ശ്യാം പറഞ്ഞു.