തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളെ നായകന്മാരാക്കി സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് നടൻ പൃഥ്വിരാജ്. രജനികാന്ത്, വിജയ്, കമലഹാസൻ, സൂര്യ തുടങ്ങിയ താരങ്ങളെ പ്രധാനകഥാപാത്രമാക്കി സിനിമ ചെയ്യുന്നതിനെകുറിച്ചാണ് പൃഥ്വിരാജ് പറഞ്ഞത്. നടന്റെ പുതിയ സിനിമയായ ആടുജീവിതത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു പൃഥ്വിരാജ് ഇക്കാര്യങ്ങൾ പറഞ്ഞത്.
‘രജനികാന്തിനെ നായകനാക്കി ഒരു കോമഡി ചിത്രം ചെയ്യാനാണ് ആഗ്രഹം. ബ്രോ ഡാഡി തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണെങ്കിൽ അദ്ദേഹത്തെ ഞാൻ നായകനാക്കും. കമൽ സാറിനെ നായകനാക്കുകയാണെങ്കിൽ ഒരു ഡ്രാമ ചിത്രമായിരിക്കും ചെയ്യുന്നത്. വിജയ് നായകനായെത്തുന്ന ഡാർക്ക് റിയൽ ആക്ഷൻ ത്രില്ലറും ചെയ്യാൻ ആഗ്രഹമുണ്ട്. അദ്ദേഹം നിരവധി ആക്ഷൻ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. അതിലൊന്നും പെടാത്ത ഒരു ചിത്രമായിരിക്കും ഞാൻ ചെയ്യുന്നത്.’- പൃഥ്വിരാജ് പറഞ്ഞു.
‘ഇനിയൊരു റൊമാന്റിക് ചിത്രമാണ് ചെയ്യുന്നതെങ്കിൽ സൂര്യക്കൊപ്പം ചെയ്യും. സൂര്യ അത്തരത്തിലൊരാളാണ്. ലവ് സ്റ്റോറി അതി ഗംഭീരമായി അദ്ദേഹം ചെയ്യും. മണിരത്‌നം ചിത്രങ്ങളില്‍ ‘നായകന്‍’, ‘ദളപതി’ എന്നീ സിനിമകള്‍ വളരെയിഷ്ടമാണ്. സംവിധായകരില്‍ ലോകേഷ് കനകരാജിനൊപ്പം ഭാവിയിൽ സിനിമ ചെയ്യാൻ സാധ്യതയുണ്ട്.’- പൃഥ്വിരാജ് വ്യക്തമാക്കി.