പാലക്കാട്: ആവേശ സ്വീകരണത്തിന് പാലക്കാട്ടെ ജനങ്ങളോട് മലയാളത്തിൽ നന്ദി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ എൻഡിഎയ്ക്കു ലഭിക്കുന്ന ശക്തമായ പിന്തുണയുടെ സൂചനയാണ് പാലക്കാട് നിന്നും ഇന്ന് ലഭിച്ച ആവേശമെന്നായിരുന്നു നരേന്ദ്രമോദി ട്വീറ്റ് ചെയ്തത്. ഇന്ന് രാവിലെ പാലക്കാട് എത്തിയതിന്റെ ദൃശ്യങ്ങളും അദ്ദേഹം എക്സിൽ പങ്കുവച്ചിരുന്നു.
‘കേരളത്തിൽ എൻഡിഎയ്ക്കു ലഭിക്കുന്ന ശക്തമായ പിന്തുണയുടെ സൂചനയാണ് പാലക്കാട് നിന്നുള്ള ഈ ആവേശം. റോഡ്ഷോയിൽ നിന്നുള്ള ചില കാഴ്ചകൾ ഇതാ.’- എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്.
കേരളത്തിൽ എൻഡിഎയ്ക്കു ലഭിക്കുന്ന ശക്തമായ പിന്തുണയുടെ സൂചനയാണു പാലക്കാട് നിന്നുള്ള ഈ ആവേശം. റോഡ്ഷോയിൽനിന്നുള്ള ചില കാഴ്ചകൾ ഇതാ. pic.twitter.com/Gqqvucz82G
— Narendra Modi (@narendramodi) March 19, 2024
പാലക്കാട് അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെ ഒരു കിലോമീറ്റർ ദൂരമാണ് ഇന്ന് രാവിലെ റോഡ് ഷോ നടന്നത്. തുറന്ന വാഹനത്തിൽ പാലക്കാട് നഗരത്തിനെ ഇളക്കി മറിച്ചായിരുന്നു പ്രധാനസേവകന്റെ റോഡ് ഷോ. പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു. 30 മിനിറ്റോളം റോഡ് ഷോ നീണ്ടു നിന്നു.
പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണ കുമാർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, പൊന്നാനി സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ എന്നിവരും റോഡ് ഷോയിൽ പങ്കെടുത്തു. രാവിലെ 10: 30 ഓടെ ഹെലികോപ്റ്ററിൽ പാലക്കാട് മേഴ്സി കോളേജ് മൈതാനത്ത് എത്തിയ പ്രധാനമന്ത്രിയെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.