കടയെ ചൊല്ലിയുള്ള തർക്കത്തിൽ അയൽവാസിയുടെ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ബാർബർ പോലീസ് എറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ബഡൗണിലാണ് ദാരുണ സംഭവം. പരിക്കേറ്റ ഒരു കുട്ടി ഗുരുതരാവസ്ഥയിലണ്. 11 ഉം ആറും വയസുള്ള ആയുഷും പീയുഷുമാണ് കൊല്ലപ്പെട്ടത്. ഹണി എന്ന കുട്ടിയാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. സാജിദ്(22) എന്ന പ്രതിയെയാണ് പോലീസ് പിന്തുടർന്ന് എൻകൗണ്ടർ ചെയ്തത്.
ബാബ കോളനിയിൽ സാജിദ് ബാബർഷോപ്പ് നടത്തുന്നുണ്ട്. അയൽവാസിയായ വിനോദിന് സലൂണും ഭാര്യയ്‌ക്ക് ബ്യൂട്ടി പാർലറുമുണ്ട്. ഷോപ്പിന്റെ പേരിലുള്ള തർക്കങ്ങളാണ് അരും കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. വിനോദിന്റെ വീട്ടിൽ അതിക്രമിച്ച് കടന്ന സാജിദ് ഒന്നാം നിലയിലുണ്ടായിരുന്ന കുട്ടികളെ മൂർച്ഛേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
നിലവിളി കേട്ട് താഴെ ബ്യൂട്ടിപാർലറിലുണ്ടായിരുന്ന മാതാവ് മുകളിലേക്ക് വരുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലു രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹങ്ങൾ മാറ്റാൻ നാട്ടുകാർ അനുവദിച്ചില്ല. പിന്നീട് പോലീസിന്റെ വൻ സന്നാഹം എത്തിയാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയത്. മണിക്കൂറുകൾക്കകം പ്രതിയെ ഏറ്റമുട്ടലിനിടെ പോലീസ് കൊലപ്പെടുത്തുകയായിരുന്നു.















