ദിസ്പൂർ: സെമികണ്ടക്ടർ നിർമാണ പദ്ധതികളിലൂടെ അസമിൽ വികസനം നടപ്പിലാക്കുകയും തൊഴിൽ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ അഭിനന്ദിച്ച് രത്തൻ ടാറ്റ. സെമികണ്ടക്ടർ നിർമാണത്തിൽ രാജ്യത്തെ പ്രധാന കേന്ദ്രമായി അസം മാറുമെന്നും രത്തൻ ടാറ്റ പറഞ്ഞു. ഹിമന്ത ബിശ്വ ശർമയെ സന്ദർശിച്ച രത്തൻ ടാറ്റ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരനോടൊപ്പമാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം എക്സിൽ പങ്കുവച്ചു.
അസം സർക്കാർ ടാറ്റാ ഗ്രൂപ്പുമായി സഹകരിച്ച് സെമികണ്ടക്ടർ പദ്ധതികൾക്ക് ഉത്തേജനം നൽകുമെന്നും ഈ പുതിയ പദ്ധതികൾ അസമിനെ വികസന പാതയിലേക്ക് നയിക്കുമെന്നും രത്തൻ ടാറ്റ എക്സിൽ കുറിച്ചു. സെമികണ്ടക്ടർ പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന സംസ്ഥാന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
The investments being made in Assam transform the state in complex treatment for cancer care. Today, the state government of Assam in partnership with the Tata group will make Assam a major player in sophisticated semiconductors. This new development will put Assam on the global… pic.twitter.com/Ut0ViaA38N
— Ratan N. Tata (@RNTata2000) March 20, 2024
ടാറ്റാ ഗ്രൂപ്പ് അസം സർക്കാരുമായി സഹകരിച്ച് സംസ്ഥാനത്തുടനീളം നിരവധി ക്യാൻസർ കെയർ ആശുപത്രികൾ സ്ഥാപിച്ചിട്ടുണ്ട്. അസമിലെ ജാഗിറോഡിൽ സെമികണ്ടക്ടർ പ്ലാന്റിനായി 27,000 കോടി രൂപയാണ് ടാറ്റാ ഗ്രൂപ്പ് നിക്ഷേപിച്ചിരിക്കുന്നത്. മാർച്ച് 13-ന് അസമിൽ 25 ലക്ഷം കോടി രൂപയുടെ മൂന്ന് സെമികണ്ടക്ടർ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.