ന്യൂഡൽഹി: ‘ശക്തി’ പരാമർശത്തിൽ രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ബിജെപി. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഡൽഹിയിലെ കമ്മീഷൻ ആസ്ഥാനത്തെത്തി വയനാട് എം.പിയായ രാഹുലിനെതിരെ പരാതി നൽകിയത്.
ഹിന്ദുമത വിശ്വാസത്തെ മുറിവേൽപ്പിക്കുന്ന, പരസ്പരം വൈരം വളർത്തുന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. കോൺഗ്രസ് പാർട്ടി ഇതിന് മുമ്പും ഇത്തരത്തിലുള്ള നിരവധി പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഇതുപോലെ ഇനിയും പരാമർശങ്ങൾ നടത്താതിരിക്കാൻ നടപടിയേടുക്കേണ്ടത് അത്യാവശ്യമാണ്. നടപടിയെടുത്തില്ലെങ്കിൽ ഇനിയും ആവർത്തിക്കും. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.
മുംബൈയിൽ ഞായറാഴ്ച നടന്ന ഇൻഡി മുന്നണിയുടെ റാലിയിലായിരുന്നു നമ്മുടെ പോരാട്ടം ശക്തിക്കെതിരേയാണെന്ന രാഹുലിന്റെ പരാമർശം. ഇത് വിവാദമായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ നിരവധി പേർ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇൻഡി സഖ്യം നാരീശക്തിയ്‌ക്കെതിരെ പ്രവർത്തിക്കുന്നവരാണെന്നും രാജ്യത്തോടുള്ള വിദ്വേഷമാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയെ സംബന്ധിച്ചിടത്തോളം ‘ശക്തി’ എന്നത് ഭാരതമാതാവും രാജ്യത്തെ എല്ലാ സ്ത്രീകളുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിന് സനാതന ധർമ്മത്തോടും ഹിന്ദുത്വത്തോടും വിദ്വേഷമുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. ഹിന്ദു മതത്തിലെ ശക്തി എന്ന വാക്ക് അവർ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നു എന്നതാണ് കോൺഗ്രസിനെതിരെ ഉയരുന്ന പ്രധാന ആരോപണം.