ഐപിഎൽ സീണണിന് കൊടിയേറാൻ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കി. ഉദ്ഘാടനമത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ചെപ്പോക്കിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ 22ന് രാത്രി 7.30നാണ് 17-ാമത് ഐപിഎല്ലിന് തുടക്കമാകുക. ശനി, ഞായർ ദിവസങ്ങളിൽ രണ്ട് മത്സരങ്ങളുണ്ടാകും. ആദ്യ മത്സരം വൈകിട്ട് നാല് മണിക്ക് ആരംഭിക്കും.
ഈ വർഷത്തെ ഐപിഎൽ പൂരം 12 സ്റ്റേഡിയങ്ങളിലായാണ് നടക്കുന്നത്. ഇവയിൽ 10 വേദികൾ അതാത് ടീമുകളുടെ ഹോം ഗ്രൗണ്ടുകളാണ്. എന്നാൽ ഡൽഹി ക്യാപിറ്റൽസ് അവരുടെ ആദ്യ കുറച്ച് മത്സരങ്ങൾ വിശാഖപട്ടണത്താണ് കളിക്കുക.
പ്രൈസ് മണി:
ഈ വർഷത്തെ കിരീടജേതാക്കൾക്കുള്ള സമ്മാനത്തുക ബിസിസിഐ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ വർഷം സമ്മാനത്തുകയായി ജേതാക്കൾക്ക് 20 കോടിയും റണ്ണേഴ്സ് അപ്പിന് 13 കോടിയുമാണ് ലഭിച്ചത്.
ടെലികാസ്റ്റും സ്ട്രീമിംഗും:
ഐപിഎല്ലിന്റെ ഈ വർഷത്തെ സംപ്രേഷണാവകാശം സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിനാണ്. ലൈവ് സ്ട്രീമിംഗ് അവകാശം ജിയോ സിനിമയ്‌ക്കാണ്. സ്റ്റാർ സ്‌പോർട്‌സ് നെറ്റ്വർക്കിലൂടെയും ജിയോ സിനിമയിലൂടെയും ആരാധകർക്ക് മത്സരം കാണാം. ജിയോ സിനിമയിൽ മത്സരം കാണാൻ ജിയോ വരിക്കാർ ആകണമെന്ന നിബന്ധനയില്ല.















