ഇവാൻ വുകോമനോവിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു… മോഹൻ ബഗാനെതിരെ കൊമ്പൻമാർ തോറ്റതിന് പിന്നാലെ ആരാധകർക്കിടയിൽ തീപോലെ പടർന്ന അഭ്യൂഹമാണിത്. എന്നാൽ 2025 വരെ ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ള ആശാൻ തനിക്ക് കേരളം എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. സെർബിയക്കാരനാണെങ്കിലും മനസുകൊണ്ട് ഞാനൊരു മലയാളിയാണെന്ന് പറയുന്ന ഇവാൻ വുകോമനോവിച്ചിന്റെ ചിത്രങ്ങളാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. അസലൊരു മലയാളിയായി കൈലിയും ബനിയനും തോൾമുണ്ടുമൊക്കെയായി സൈക്കളിൽ സഞ്ചരിക്കുന്ന തന്റെ ചിത്രമാണ് ആശാൻ പങ്കുവച്ചിരിക്കുന്നത്. ഇരു കൈയും നീട്ടിയാണ് ഈ ചിത്രങ്ങളെ ആരാധകർ സ്വീകരിച്ചിരിക്കുന്നത്.
കള്ളി കൈലിയും കറുത്ത ബനിയനും വെള്ള തോർത്തുമാണ് വേഷം. കാലിൽ വള്ളി ചെരുപ്പുമുണ്ട്. വയലോരത്ത് തുണി സഞ്ചി തൂക്കിയ സൈക്കളിനൊപ്പമുള്ള ചിത്രം കണ്ടാൽ ആരും പറയില്ല മലയാളിയല്ലെന്ന്. ആശാൻ പങ്കുവച്ചിരിക്കുന്ന അഞ്ച് ചിത്രങ്ങളും മലയാളിക്ക് ഗൃഹാതുരത്വം നൽകുന്നതാണ്.
View this post on Instagram
“>
സീസണിൽ പ്ലേ ഓഫ് സാധ്യതകൾ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ഇപ്പോൾ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഇനിയുള്ള നാല് മത്സരങ്ങളിൽ തോൽവി ഒഴിവാക്കിയാൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് ഉറപ്പിക്കാം. 2021-ൽ പരിശീലകനായി ഇവാൻ എത്തിയതിന് ശേഷം മികച്ച മുന്നേറ്റമാണ് കൊമ്പന്മാർ നടത്തുന്നത്.















