ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നമോ മെർച്ചൻഡൈസിന് തുടക്കം കുറിച്ച് ബിജെപി. ‘മോദി കാ പരിവാർ’ എന്നെഴുതിയ ടീഷർട്ടുകൾ, തൊപ്പികൾ, ബാഡ്ജുകൾ, മറ്റ് സ്റ്റേഷനറികൾ എന്നിവയാണ് നമോ മെർച്ചൻഡൈസിൽ ഉൾപ്പെടുന്നത്. ഇവ നമോ ആപ്പിൽ മാത്രമാണ് ലഭ്യമാകുന്നത്.
പ്രധാനമന്ത്രിയുടെ പേര്, 400 സീറ്റുകളിലധികം നേടുമെന്ന മുദ്രാവാക്യം, മോദി കി ഗ്യാരണ്ടി തുടങ്ങിയ വാചകങ്ങളും ഈ ഉത്പന്നങ്ങളിൽ ചേർത്തിട്ടുണ്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ 400 സീറ്റുകളിലധികം നേടുമെന്ന് പാർലമെൻ്റിലെ അവസാന പ്രസംഗത്തിൽ പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
നമോ മെർച്ചൻഡൈസ് ആരംഭിച്ചതോടെ ബിജെപിയുടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചെന്ന് നമോ ആപ്പിന്റെ കൺവീനർ കുൽജിത് സിംഗ് പറഞ്ഞു. 2015ലാണ് നമോ ആപ്പിന് തുടക്കം കുറിച്ചത്. പ്രധാനമന്ത്രിയുമായി പൊതുജനങ്ങൾക്ക് ആശയവിനിമയം നടത്തുന്നതിനായി കേന്ദ്ര സര്ക്കാര് രൂപവല്ക്കരിച്ച സംവിധാനമാണ് നമോ ആപ്പ്.