ന്യൂഡൽഹി: ശരിഅത്ത് നിയമപ്രകാരം മുസ്ലീം സമുദായത്തിലുള്ളവർക്ക് ബഹുഭാര്യത്വം ആകാമെന്നതിനാൽ പലർക്കും അസൂയയാണെന്ന് എഴുത്തുകാരനും കവിയുമായ ജാവേദ് അക്തർ. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മുസ്ലീങ്ങൾക്കിടയിലെ നിയമങ്ങളെ മാത്രം വിമർശിച്ചുകൊണ്ട് യുസിസി നടപ്പാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മോജോ സ്റ്റോറിക്ക് വേണ്ടി ബർഖ ദത്തുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ജാവേദ് അക്തർ ഇപ്രകാരം പ്രതികരിച്ചത്. അടുത്തിടെ ഉത്തരാഖണ്ഡ് സർക്കാർ രാജ്യത്ത് യുസിസി നടപ്പാക്കിയത് സംബന്ധിച്ചായിരുന്നു ബർക്ക ദത്തിന്റെ ചോദ്യം.
“മുസ്ലീങ്ങൾക്ക് ഒരേസമയം നാല് ഭാര്യമാരാകാം. അതിനുള്ള അവകാശം അവർക്കുണ്ട്. ഈ കാരണത്തിന്റെ പേരിലാണോ രാജ്യത്ത് യുസിസി നടപ്പിലാക്കാൻ പോകുന്നത്? മറ്റുള്ളവർക്കും ഇതുപോലെ അവകാശം നൽകിയാൽ പിന്നെയൊരു പ്രശ്നവുമുണ്ടാകില്ല. ഹിന്ദുക്കളിലും ബഹുഭാര്യത്വം പിന്തുടരുന്നവരുണ്ട്. അവരത് നിയമവിരുദ്ധമായി ചെയ്യുകയാണെന്ന് സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നു. നിയമാവലിയിൽ മാത്രം ബഹുഭാര്യത്വം നിരോധിക്കുന്നത് കൊണ്ടായില്ല.
എല്ലാവർക്കും തുല്യ അവകാശം ലഭിക്കണമെന്നും നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാകണമെന്നുമാണ് തന്റെ പക്ഷം. തന്റെ മകനും മകൾക്കും സ്വത്തവകാശം ഒരുപോലെയായിരിക്കും. “- ജാവേദ് അക്തർ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഉത്തരാഖണ്ഡിൽ യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കിയത്. രാജ്യം മുഴുവനും യുസിസി നടപ്പാക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം.