ബ്രിട്ടണിന്റെ സ്വേച്ഛാധിപത്യത്തിൽ നിന്ന് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഏകദേശം 64 വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 1883ൽ മഹാരാഷ്‌ട്രയിലെ ഭാഗൂരിൽ ആ വീരൻ പിറന്നു. വീർ സവർക്കർ! പേര് പോലെ തന്നെ ബ്രിട്ടീഷുകാരെ ഭാരതത്തിൽ നിന്നും തുരത്തിയോടിക്കാൻ ധീരത കാണിച്ച വീരപുരുഷൻ. വിനായക് ദാമോദർ സവർക്കർ എന്ന മനുഷ്യനിൽ നിന്ന് വീർ സവർക്കർ എന്ന ധീരയോദ്ധാവിലേക്കുള്ള ദൂരം ചെറുതായിരുന്നില്ല. ബ്രിട്ടീഷുകാർക്കെതിരെ സംഘടിക്കണമെന്ന ഉറച്ച തീരുമാനത്തിന്റെ പടയോട്ടമായിരുന്നു അത്. ദേശസ്‌നേഹത്തിന്റെ തീപ്പൊരികൾ വിതറിയ അദ്ദേഹത്തിന്റെ ജീവിതം സിനിമയായി തീയേറ്ററുകളിലേക്കെത്താൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി.
ബോളിവുഡ് താരം രൺദീപ് ഹൂഡ നായകനാകുന്ന ‘ സ്വാതന്ത്ര്യ വീർ സവർക്കർ” എന്ന ചിത്രം മാർച്ച് 22ന് ( നാളെ) തിയേറ്ററുകളിൽ എത്തുകയാണ്. സവർക്കറിന്റെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുന്നതാണ് ചിത്രം. ബ്രിട്ടീഷുകാർക്കെതിരെയുള്ള ചെറുത്തുനിൽപ്പിന്റെയും ഭയാനകമായ കാലാപാനി ജയിലുകളിലെ ദുരവസ്ഥകളെയും ഊന്നിയായിരിക്കും സിനിമ പ്രദർശനത്തിനെത്തുന്നത്. മഹേഷ് മഞ്‌ജേക്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന വീർ സവർക്കർ, സന്ദീപ് സിംഗും ആനന്ദ് പണ്ഡിറ്റും ചേർന്നാണ് നിർമ്മിക്കുന്നത്. മഹേഷ് മഞ്‌ജേക്കറും റിഷി വിർമാനിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഹിന്ദി, മറാത്തി ഭാഷകളിലാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ തിയേറ്ററുകളിലും വീർസവർക്കർ പ്രദർശനത്തിനായി എത്തും.
മാർച്ച് 5ന് ചിത്രത്തിന്റെ ട്രെയിലർ അണിയപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മൂന്ന് മിനിറ്റും 21 സെക്കൻഡ് ദൈർഘ്യവുമുള്ള ചിത്രത്തിന്റെ ട്രെയിലർ തന്നെ വൻ തരംഗമാണ് സൃഷ്ടിച്ചത്. ചിത്രത്തിൽ വീർ സവർക്കറുടെ ഭാര്യ, യമുനഭായ് സവർക്കറായി എത്തുന്നത് ബിഗ് ബോസ് ഫെയിം അങ്കിത ലോഖണ്ഡെയാണ്. ഇവർക്ക് പുറമെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബ്രീട്ടീഷുകാരുടെ അടിച്ചമർത്തലുകൾക്കെതിരെ ചെറുത്തുനിൽപ്പിന്റെ തരംഗം തീർത്ത ചരിത്ര പുരുഷൻ, വീർ സവർക്കറുടെ ജീവിതത്തിന്റെ നേർക്കാഴ്ച കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ.