ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തുവന്ന ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് വിക്രം. റോളക്‌സ് എന്നായിരുന്നു സിനിമയിൽ സൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. അതിഥി വേഷമായിരുന്നിട്ട് കൂടിയും വൻ സ്വീകാര്യതയായിരുന്നു കഥാപാത്രത്തിന് ലഭിച്ചത്. പിന്നാലെ റോളക്‌സ് എന്ന കഥാപാത്രം നായകനാകുന്ന സിനിമ എത്തുമെന്നും ലോകേഷ് അറിയിച്ചിരുന്നു. ഇപ്പോഴിതാ റോളക്‌സിന്റെ വരവിനെ കുറിച്ച് സൂര്യ തന്നെ പറയുകയാണ്.
കഴിഞ്ഞ ദിവസം നടന്ന ആമസോൺ പ്രൈം വീഡിയോയുടെ വേദിയിൽ വച്ച് ബോളിവുഡ് താരം വരുൺ ധവാനാണ് റോളക്‌സിനെ കുറിച്ച് സൂര്യയോട് ചോദിച്ചത്. താൻ റോളക്‌സ് എന്ന കഥാപാത്രത്തിന്റെ വലിയ ആരാധകനാണെന്നും ചിത്രം എപ്പോൾ എത്തുമെന്നുമായിരുന്നു വരുൺ ധവാന്റെ ചോദ്യം.
‘ ആ സിനിമ അണിയറയിൽ ഒരുങ്ങുകയാണ് എന്നായിരുന്നു സൂര്യയുടെ മറുപടി.’ റോളക്‌സ് എന്ന കഥാപാത്രത്തെ നായകനാക്കി ലോകേഷ് എന്നോട് ഒരുവരിയായി കഥ പറഞ്ഞിട്ടുണ്ട്. ഇരുമ്പ് കൈ മായാവി എന്ന സൂപ്പർഹീറോ ചിത്രത്തിലായിരിക്കും റോളക്‌സിന് മുമ്പായി താൻ അഭിനയിക്കുകയെന്നും നടൻ പറഞ്ഞു.
സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന കങ്കുവയുടെ പ്രമോഷനോട്അനുബന്ധിച്ച പരിപാടിയിലാണ് സൂര്യ പങ്കെടുത്തത്. ചിത്രത്തിലെ പ്രതിനായകൻ ബോബി ഡിയോളും പരിപാടിയിൽ പങ്കെടുത്തിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം ഉടന് തിയേറ്ററുകളിലെത്തും.