ബ്രീട്ടീഷുകാരുടെ അടിമത്തത്തിൽ നിന്നും ഭാരതത്തെ മോചിപ്പിക്കണമെന്ന ലക്ഷ്യവുമായെത്തിയ വിനായക് ദാമോദർ സവർക്കർ. ആ ധീരത അന്നത്തെ സമൂഹം തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ, 1947-ന് മുമ്പ് നമുക്ക് സ്വാതന്ത്ര്യം നേടാൻ കഴിയുമായിരുന്നു. ചരിത്രം മറച്ചുവെച്ചു പുതുതലമുറയെ വാർത്തെടുക്കുമ്പോൾ, വീർ സവർക്കർ എന്ന പച്ചയായ യാഥാർത്ഥ്യം ഇന്ന് തിയേറ്ററുകളിലെത്തി.
വീർ സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘സ്വാതന്ത്ര്യ വീർ സവർക്കർ’ എന്ന ചിത്രത്തിന് 2 മണിക്കൂർ 58 മിനിറ്റാണുള്ളത്. കേരളത്തിൽ ചിത്രം രാവിലെ 10.30-നായിരുന്നു പ്രദർശനം ആരംഭിച്ചത്. വീർ സവർക്കറുടെ ജീവിത കഥയുമായെത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
എന്താണ് ചിത്രത്തിന്റെ കഥ?
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. രാജ്യം അടിമത്തത്തിന്റെ ചങ്ങലയിൽ കുടുങ്ങിക്കിടക്കുന്ന സമയമാണ്. ഇതേ, കാലത്താണ് മഹാരാഷ്ട്രയിലെ ഒരു ചെറിയ ഗ്രാമത്തിൽ വിനായക് ദാമോദർ സവർക്കറും ജനിക്കുന്നത്. കുഞ്ഞുനാൾ മുതൽ ബ്രിട്ടീഷ് ജനതയുടെ അടിമത്തത്തോടും ബ്രിട്ടനോടും സവർക്കറിന് അതിയായ ദേഷ്യമാണ്. ബ്രിട്ടീഷുകാരെ ഭാരതത്തിൽ നിന്നും തുരത്തുന്ന മോചനമായിരുന്നു സവർക്കറുടെ ഓരോ ദിവസത്തെയും സ്വപ്നം. ഇതിനായി സവർക്കറുടെ നേതൃത്വത്തിൽ അഭിനവ ഭാരത് എന്ന സംഘടനയും രൂപീകരിക്കുന്നു.
അഹിംസകൊണ്ട് ബ്രിട്ടീഷുകാരെ പരാജയപ്പെടുത്താനാവില്ലെന്ന് സവർക്കർ എപ്പോഴും വിശ്വസിച്ചിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ പാതയും. വീർ സവർക്കറിന്റെ ആശയങ്ങൾ എങ്ങനെയാണ് ബ്രിട്ടീഷുകാർക്ക് ഭീഷണിയായി മാറുന്നുവെന്നാണ് സിനിമ പറയുന്നത്. അഭിനവ ഭാരത് ആരംഭിച്ചതിന് ശേഷം വീർ സവർ സവർക്കർ ബ്രിട്ടീഷ് വസ്ത്രങ്ങൾ ബഹിഷ്കരിക്കുക എന്ന ദൗത്യം നിറവേറ്റുകയും ചെയ്യുന്നുണ്ട്.
സ്വാതന്ത്ര്യത്തിനായുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആഗ്രഹം കൊണ്ട് അദ്ദേഹം ഒരു വിപ്ലവം ആരംഭിക്കുന്നു. മദൻലാൽ ധിംഗ്ര മുതൽ ഖുദിറാം ബോസ് വരെ, യുവ വിപ്ലവകാരികൾ രക്തസാക്ഷികളാകുന്നതിന് മുമ്പ് ഉന്നത ഉദ്യോഗസ്ഥരെ വധിച്ചുകൊണ്ട് ബ്രിട്ടീഷുകാരിൽ വലിയ ഭീതി ജനിപ്പിക്കുന്നത് നാം കാണുന്നു.
തന്റെ ആത്യന്തിക ലക്ഷ്യം ബ്രിട്ടീഷുകാരുടെ അടിമത്തത്തിൽ നിന്നും രക്ഷ നേടുക എന്നത് തന്നെയാണ്. ഇതിനായി അദ്ദേഹം ജനങ്ങളോട് ആയുധമെടുക്കാനാണ് ആഹ്വാനം ചെയ്യുന്നത്. ബ്രിട്ടീഷുകാരെ നേരിടാൻ സവർക്കർ അവരുടെ രാജ്യമായ ലണ്ടനിലേക്കും പോകുന്നുണ്ട്. അവിടെ നിന്ന് അവർ തങ്ങളുടെ വിപ്ലവം ആരംഭിക്കുകയാണ്. ചില ബ്രിട്ടീഷുകാരെ കൊലപ്പെടുത്തിയതിന് സവർക്കറെ ഗൂഢാലോചന ആരോപിച്ച് നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് അയയ്ക്കുകയും കാലാപാനിയിൽ ക്രൂരമായ ശിക്ഷ നൽകുകയും ചെയ്യുന്ന ഭാഗങ്ങൾ ഹൃദയത്തിൽ തുളഞ്ഞുകയറുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
‘ഞാൻ ബ്രിട്ടീഷുകാരെ അല്ല, അടിമത്തത്തെയാണ് വെറുക്കുന്നത്’. സിനിമയിലെ ഈ സംഭാഷണം ദേശീയത എന്ന വികാരം ഉണർത്തുന്നുണ്ടെന്ന് നിസ്സംശയം പറയാം. വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ സവർക്കർ ചില ദയാഹർജികൾ സമർപ്പിക്കുന്നു. ജയിലിൽ മരിക്കുന്നതിനേക്കാൾ നല്ലത് പുറത്ത് പോയി രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നതാണ് എന്നാണ് സവർക്കർ തന്റെ ശിക്ഷാ കാലത്ത് പറഞ്ഞിരുന്നത്. ജീവിതാവസാനം വരെയും സ്വാതന്ത്യത്തിനായി പോരാടുന്ന മഹാനാണ് സവർക്കറെന്ന ചിന്ത ഉണർത്താൻ രൺദീപ് ഹൂഡയ്ക്ക് സാധിച്ചു.
താരനിര
ചിത്രത്തിൽ രൺദീപ് ഹൂഡക്ക് പകരം മറ്റാര്?.. എന്ന ചോദ്യം ഒരിക്കൽ പോലും ഉയരാത്ത തരത്തിലായിരുന്നു താരത്തിന്റെ അഭിനയം.സവർക്കറുടെ വേഷം രൺദീപിനെക്കാൾ മറ്റാർക്കും മികച്ചതാക്കാൻ സധിക്കില്ല. കാലപാനിയിൽ ശിക്ഷ അനുഭവിക്കുന്ന ഭാഗത്തിലെ രൺ ദീപിന്റെ അഭിനയം എടുത്തു പറയേണ്ടതാണ്. വീർ സവർക്കർ അനുഭവിച്ച വേദനയോട് 100 ശതമാനം നീതി പുലർത്താൻ രൺദീപ് ശ്രമിച്ചുവെന്ന് നിസംശയം പറയാം.
സവർക്കറുടെ സഹോദരന്റെ വേഷത്തിൽ അമിത് സിയാലും ഭാര്യയുടെ വേഷത്തിൽ അങ്കിത ലോഖണ്ഡേയുമാണ് എത്തിയത്. ഇത് കൂടാതെ, ഗാന്ധിജിയുടെയും ഡോ.അംബേദ്കറിന്റെയും കഥാപാത്രങ്ങളും മികച്ചു നിൽക്കുന്നു.
പ്രേക്ഷകരെ വികാരഭരിതരാക്കുന്ന നിരവധി ഷോട്ടുകൾ ചിത്രത്തിലുണ്ട്. പ്രത്യേകിച്ച് എടുത്തു പറയേണ്ടത് മഹാത്മാഗാന്ധിയും സവർക്കറും തമ്മിലുള്ള സംഭാഷണങ്ങളാണ്. ഇരുവരുടെയും പ്രത്യയ ശാസ്ത്രങ്ങളെക്കുറിച്ചും വ്യക്തമായൊരു ദൃശ്യം സിനിമ നൽകുന്നുണ്ട്. രൺദീപ് ഹൂഡയാണ് ഈ ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവും രചയിതാവും. അരവിന്ദ് കൃഷ്ണയുടെ ഛായാഗ്രാഹണവും സിനിമയെ ഏറ്റവും മികച്ചതാക്കി മാറ്റിയിരുന്നു.
ഭാരതത്തിൽ നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, വീർ സവർക്കർ എപ്പോഴും ചർച്ചയായി മാറിയിട്ടുണ്ട്. വീർ സവർക്കർ എന്താണെന്ന് വ്യക്തമായി മനസിലാക്കാൻ ഇതിലും നല്ലൊരു മാദ്ധ്യമം ഇല്ലെന്ന് സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ഉറപ്പിച്ച് പറയാൻ സാധിക്കും. ഭാരതത്തിന്റെ മോചനത്തിനായി അദ്ദേഹം സഹിച്ച ത്യാഗവും സമർപ്പണവും അറിയണമെങ്കിൽ തീർച്ചയായും ഈ സിനിമ കാണേണ്ടതാണ്.