തിരുവനന്തപുരം: സ്കൂളിൽ ഓൾ പാസ് വേണ്ടെന്ന കേന്ദ്ര നിർദ്ദേശം പാലിക്കാൻ മടിച്ച് കേരളം. അഞ്ച്, എട്ട് ക്ലാസുകളിലെ പരീക്ഷകളിൽ കുട്ടികൾ നേടുന്ന മാർക്ക് അനുസരിച്ച് മാത്രമാകണം ഉയർന്ന് ക്ലാസുകളിലേക്ക് കയറ്റാൻ എന്നാണ് നിർദ്ദേശം. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ഇത് നടപ്പാക്കിയെങ്കിലും കേരളം മാത്രം തീരുമാനമെടുത്തിട്ടില്ല.
അഞ്ചിലും എട്ടിലും അർദ്ധവാർഷിക പരീക്ഷയിൽ 25 ശതമാനവും വാർഷിക പരീക്ഷയിൽ 33 ശതമാനവും മാർക്ക് ഇല്ലെങ്കിൽ കുട്ടികളെ പാസാക്കരുത്. മാർക്കില്ലാത്തവർക്ക് ഒരു അവസരം കൂടി നൽകാൻ പ്രത്യേക പരീക്ഷ നടത്തും. എന്നാൽ ഇതിന് വിപരീതമായി നിരന്തര മൂല്യനിർണയം മെച്ചപ്പെടുത്തുകയാണ് കുട്ടികളുടെ അറിവ് മെച്ചപ്പെടുത്താൻ വേണ്ടതെന്നാണ് സർക്കാരിന്റെ സമീപനം. ‘സമഗ്ര പുരോഗതി കാർഡാണ്’ വിദ്യാഭ്യാസ വകുപ്പ് പറയുന്ന മറ്റൊരു സംഗതി. ഘട്ടം ഘട്ടമായി കുട്ടി ആർജിക്കുന്ന അറിവ് വിലയിരുത്തി പഠന പുരോഗതി നിരീക്ഷിച്ച് തയ്യാറാക്കുന്നതാണ് പുരോഗതി കാർഡ്. ഇത്തരത്തിൽ ചെയ്യുന്നതും പഠന നിലവാരം മെച്ചപ്പെടുത്തുമെന്ന ന്യായമാണ് സർക്കാർ പറയുന്നത്.
എല്ലാവരെയും പാസാക്കി വിടുകയും, എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് വാരിക്കോരി നൽകുന്നതിനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് തന്നെ രംഗത്ത് വന്നിരുന്നു. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഭീഷണി ഒഴിവാക്കാൻ ഓൾ പാസ് ആവാം. എന്നാൽ കുട്ടികളുടെ പഠനനിലവാരം അളക്കാൻ വേറേ പരീക്ഷ നടത്തണമെന്നാണ് വിദ്യാഭ്യാസ വിദഗ്ധൻ ഡോ. അച്യുത് ശങ്കർ എസ്. നായർ വ്യക്തമാക്കി.