മുംബൈ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉയർന്ന വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ നിതിൻ ഗഡ്കരി. നാഗ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷമായി നാഗ്പൂരിലെ എംപിയാണ് ഗഡ്കരി.
“ഈ തെരഞ്ഞെടുപ്പിൽ അഞ്ച് ലക്ഷത്തിലധികം വോട്ടുകൾക്ക് ഞാൻ വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്. നിങ്ങളെല്ലാവരും എനിക്ക് വേണ്ടുവോളം സ്നേഹം നൽകി. നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും കൊണ്ടാണ് ഈ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ എനിക്കായത്. ഞാൻ ചെയ്തുവെന്ന് പറയുന്ന ഏതൊരു കാര്യത്തിന്റെയും അംഗീകാരം അതെന്റെ പാർട്ടി പ്രവർത്തകർക്കും എന്നെ സ്നേഹിച്ച ജനങ്ങൾക്കും അർഹതപ്പെട്ടതാണ്.
നാഗ്പൂരിനെ മറന്ന് ഒരിക്കലും ഞാൻ പ്രവർത്തിച്ചിട്ടില്ല. മറക്കുകയുമില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ നാഗ്പൂരിൽ മാത്രം ഒരു ലക്ഷം കോടി രൂപയുടെ വികസനപദ്ധതികളാണ് നടപ്പിലാക്കിയത്. ഇത് ഒരു ന്യൂസ്റീൽ മാത്രമാണ്. റിയൽ സിനിമ തുടങ്ങാൻ ഇരിക്കുന്നതേയുള്ളൂ. ഈ ലോകത്തെ ഏറ്റവും മികച്ച നഗരമാക്കി നാഗ്പൂരിനെ മാറ്റുമെന്ന് ഞാൻ ഉറപ്പുനൽകുന്നു.
എന്റെ മക്കളാരും തന്നെ രാഷ്‌ട്രീയത്തിലില്ല. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ, ആദ്യം ചുവരുകളിൽ പോസ്റ്ററുകൾ പതിച്ച് താഴേത്തട്ടിൽ നിന്നും പ്രവർത്തിച്ച് തുടങ്ങണമെന്നാണ് അവരെ ഞാൻ ഉപദേശിച്ചിട്ടുള്ളത്. എന്റെ രാഷ്‌ട്രീയ പാരമ്പര്യം ബിജെപി പ്രവർത്തകർക്ക് മാത്രം അവകാശപ്പെട്ടതാണ്.
നാഗ്പൂരാണ് എന്റെ കുടുംബം. ഞാൻ നിങ്ങളുടേതും നിങ്ങൾ എന്റേതുമാണ്. ജാതീയവാദമോ വർഗീയവാദമോ പ്രചരിപ്പിക്കുന്നയാളല്ല, ജാതീയതയ്‌ക്ക് അന്ത്യം കുറിക്കാൻ തീരുമാനിച്ച വ്യക്തിയാണ് ഞാൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘സബ്കാ സാത്ത് സബ്കാ വികാസ് സബ്കാ പ്രയാസ്’ എന്ന ദർശനത്തിലൂന്നിയാണ് എന്റെ പ്രവർത്തനം. ഇതാണ് ഞങ്ങളുടെ മന്ത്രം. ബി.ആർ. അംബേദ്കറുടെ ഭരണഘടനയാണ് ഞങ്ങളുടെ ആത്മാവ്. സമൂഹത്തിൽ തുല്യതയും സമത്വവും സ്ഥാപിക്കുകയെന്നതാണ് ഞങ്ങളുടെ ദൗത്യം.
ഭരണഘടന പരിഷ്കരിക്കുമോയെന്ന ചോദ്യത്തിന് പോലും ഇവിടെ പ്രസക്തിയില്ല. അടിയന്തരാവസ്ഥ കാലത്ത് 80 തവണ ഭരണഘടന തകർത്തവരാണ് ബിജെപിയെക്കുറിച്ച് കുപ്രചരണങ്ങളും പ്രൊപ്പഗണ്ടകളും പറഞ്ഞുപരത്തുന്നത്. അവർക്ക് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാതെ പോകുമ്പോൾ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിക്കുകയാണ്. ” നിതിൻ ഗഡ്കരി പറഞ്ഞു.