ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക് വർദ്ധിച്ചതോടെ യുപിയുടെ ജിഡിപിയിലും മാറ്റമുണ്ടായതായി റിപ്പോർട്ടുകൾ. ക്ഷേത്രത്തിലേക്ക് എത്തുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചതോടെയാണ് അയോദ്ധ്യയുടെ സാമ്പത്തിക മേഖലയിൽ മാറ്റമുണ്ടായത്. ഏകദേശം രണ്ട് ലക്ഷം ഭക്തരാണ് പ്രതിദിനം അയോദ്ധ്യയിലേക്ക് എത്തുന്നത്. ജനങ്ങളുടെ ജീവിതനിലവാരവും വരുമാനവും വർദ്ധിച്ചതോടെ സാമ്പത്തിക മേഖലയിലും മാറ്റങ്ങൾ പ്രകടമായി. കരകൗശല വിൽപ്പനക്കാർ മുതൽ ഹോസ്പിറ്റാലിറ്റി വ്യവസായം വരെയുള്ള മേഖലകളിലെ വികാസം ഉത്തർപ്രദേശിന്റെ ജിഡിപിയുടെ കുതിപ്പിനെ സഹായിച്ചെന്നാണ് റിപ്പോർട്ട്. നിലവിലുണ്ടായിരുന്നതിനെക്കാൾ മൂന്നോ നാലോ ഇരട്ടി ലാഭമാണ് ഈ മേഖലയിൽ ഉള്ളവർക്ക് ഇപ്പോൾ ലഭിക്കുന്നത്.
ഹോസ്പിറ്റാലിറ്റി മേഖലയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. പ്രദേശത്ത് ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, ഹോം-സ്റ്റേകൾ എന്നിവയുടെ എണ്ണം നാലിരട്ടി വർദ്ധിച്ചു. കുറഞ്ഞ നിരക്കിലുള്ള മുറികളും 7,000 മുതൽ 20,000 രൂപ വരെ വിലയുള്ള ആഡംബര മുറികളും അയോദ്ധ്യയിൽ ലഭ്യമാണ്. 150-ലധികം പുതിയ ഹോട്ടലുകളും ഹോംസ്റ്റേകളും ക്ഷേത്രത്തിന് സമീപം ഉയർന്നുവന്നിട്ടുണ്ടെന്നും ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും ഹോട്ടൽ വ്യവസായി സൂര്യ ത്രിപാഠി പറഞ്ഞു.
തെരുവോര കച്ചവടത്തിലും വൻവർദ്ധനയാണ് ഉണ്ടായത്. കരകൗശല വസ്തുക്കളുടെ നിർമ്മാണവും വിതരണവും പ്രദേശിക മേഖലയുടെ വികസനത്തിന് കാരണമായി. ജനങ്ങളുടെ തൊഴിലവസരവും വരുമാനവും വർദ്ധിച്ചു. നേരത്തെ 400 മുതൽ 500 രൂപ വരെയുണ്ടായിരുന്ന ദിവസ വരുമാനം ഇപ്പോൾ 2,500 രൂപയായി വർദ്ധിച്ചെന്ന് പ്രദേശത്തെ കടയുടമ രാംകുമാർ പറഞ്ഞു. അയോദ്ധ്യയുടെ സർവ്വത്ര മേഖലയിലും രാമക്ഷേത്രം യാഥാർത്ഥ്യമായതോടെ വികസനമുണ്ടായെന്നും ജനങ്ങളുടെ ജീവിത നിലവാരം ഉയർന്നെന്നും വ്യാപാരി അസോസിയേഷൻ പ്രസിഡന്റ് സുശീൽ ജയ്സ്വാൾ പറഞ്ഞു. വസ്തുവിലയിൽ പോലും വൻവർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ മേഖലയിലും വളർച്ച കൈവരിച്ചതിനാൽ അയോദ്ധ്യയുടെ വളർച്ച ഉത്തർപ്രദേശിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് ഗുണം ചെയ്യും. ജനങ്ങളുടെ വരുമാനം വർദ്ധിക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഉത്തർപ്രദേശ് ഇക്കണോമിക് അസോസിയേഷൻ ജനറൽ സെക്രട്ടറി വിനോദ് കുമാർ ശ്രീവാസ്തവ പറഞ്ഞു.