ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന് തയ്യാറാണെന്ന് രോഹിത് ശർമ്മ. നിരവധി യുവതാരങ്ങളാണ് മുംബൈ ഇന്ത്യൻസ് ടീമിലുള്ളത്. മത്സരങ്ങളിൽ അവർ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെറാൾഡ് കോട്ട്‌സീ, ശ്രേയസ് ഗോപാൽ, നുവാൻ തുഷാര, നമാൻ ധിർ, അൻഷുൽ കംബോജ്, മുഹമ്മദ് നബി, ശിവാലിക് ശർമ്മ, ക്വേന മഫാക ഉൾപ്പെടെയുള്ള യുവതാരനിരയാണ് മുംബൈയിലുള്ളത്.
താരലേലത്തിൽ മികച്ച യുവതാരങ്ങളെയാണ് ഞങ്ങൾ സ്വന്തമാക്കിയത്. അവരിൽ പലരും പുതുമുഖങ്ങളാണ്. ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്‌ട്ര ക്രിക്കറ്റിലും കഴിവ് തെളിയിച്ച അവർ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഗുജറാത്തിനെതിരായ മത്സരത്തിന് ഞാൻ തയ്യാറാണ്. മത്സരത്തിനായി തയ്യാറെടുക്കുന്നത് എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതെന്നെ എല്ലാ ഗെയിമുകളും മികച്ച രീതിയിൽ കളിക്കാൻ സഹായിക്കുന്നു. ഒരു ഗെയിമിന് മുമ്പ് ഞാൻ ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്‌തെന്നാണ് ഞാൻ കരുതുന്നത്. മുംബൈ ഇന്ത്യൻസ് എക്‌സിൽ പങ്കുവച്ച വീഡിയോയിൽ രോഹിത് പറഞ്ഞു.
ഇന്ന് വൈകിട്ട് 7.30ന് ഗുജറാത്ത് ടൈറ്റൻസിന്റെ ഹോം ഗ്രൗണ്ടായ മൊട്ടേരയിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മുംബൈ- ഗുജറാത്ത് മത്സരം. 2013 മുതൽ 2023 വരെയുള്ള സീസണുകളിൽ രോഹിത്താണ് മുംബൈയെ നയിച്ചിരുന്നത്. രോഹിത്തിന് കീഴിൽ അഞ്ച് തവണ മുംബൈ കിരീട ജേതാക്കളാകുകയും ചെയ്തു. ഹാർദിക് പാണ്ഡ്യയ്‌ക്ക് കീഴിലാണ് മുംബൈ ഇത്തവണയിറങ്ങുന്നത്.