ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ അഞ്ചാം ഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപി. വയനാട്ടിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിക്കും. ആലത്തൂരിൽ ഡോ. ടിഎൻ സരസുവാണ് സ്ഥാനാർത്ഥി. എറണാകുളത്ത് നിന്ന് ഡോ. കെഎസ് രാധാകൃഷ്ണനും കൊല്ലത്ത് നിന്ന് നടൻ ജി. കൃഷ്ണകുമാറും ജനവിധി തേടും.
നടി കങ്കണാ റണാവത്തും, നടൻ അരുൺ ഗോവിലും സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 111 പേരടങ്ങുന്ന പട്ടികയാണ് ബിജെപി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കേരളം കൂടാതെ ആന്ധ്രാപ്രദേശ്, ബിഹാർ, ഗോവ, ഹരിയാന, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ്, കർണാടക, മഹാരാഷ്‌ട്ര, മിസോറാം, ഒഡിഷ, രാജസ്ഥാൻ, സിക്കിം, തെലങ്കാന, യുപി, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മനേകാ ഗാന്ധി സുൽത്താൻ പൂരിൽ നിന്നും ജിതിൻ പ്രസാദ് പിലിബിത്തിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കും. ഇന്ന് ബിജെപിയിൽ അംഗത്വം സ്വീകരിച്ച വ്യവസായി നവീൻ ജിൻഡാളും സ്ഥാനാർത്ഥി പട്ടികയിലുണ്ട്. മുൻ കുരുക്ഷേത്ര എംപിയായ അദ്ദേഹം കുരുക്ഷേത്രയിൽ നിന്ന് തന്നെ ബിജെപിക്കായി പാർലമെന്റിലേക്ക് മത്സരിക്കും.
ബിജെപി ദേശീയ വക്താവ് സാംബീത് പത്രയും അടുത്തിടെ ബിജെപിയിൽ അംഗത്വം സ്വീകരിച്ച ഹേമന്ത് സോറന്റെ സഹോദര പത്നി സീതാ സോറനും ലോക്സഭാ സ്ഥാനാർത്ഥികളാണ്. സാംബീത് പത്ര പുരിയിൽ നിന്നും സീതാ സോറൻ ദുംകയിൽ നിന്നും ബിജെപി ടിക്കറ്റിൽ മത്സരിക്കും.















