ഇക്കാലത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകുന്നു എന്നത് ക്രെഡിറ്റ് കാർഡിനെ കൂടുതൽ സ്വീകാര്യമാക്കി. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം കൃത്യസമയത്ത് ബില്ലുകൾ അടയ്ക്കുക എന്നതാണ്. ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കാതിരിക്കാനും അധിക ചാർജുകൾ നൽകാതിരിക്കുന്നതിനും Due Date-ൽ തന്നെ ബില്ലുകൾ അടയ്ക്കേണ്ടതുണ്ട്.
ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ഓൺ ടൈം പെയ്മെന്റുകൾ പലപ്പോഴും പ്രതിസന്ധിയിലാകാറുണ്ട്. ഇപ്പോഴിതാ ഇതിൽ ഒരു പരിഷ്കരണമാണ് ആർബിഐ നടത്തിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ ആവശ്യാനുസരണം ബില്ലിംഗ് സൈക്കിൾ ഒരിക്കലെങ്കിലും പരിഷ്കരിക്കാൻ സാധിക്കുമെന്ന് ആർബിഐ പുറത്തുവിട്ട മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.
ക്രെഡിറ്റ് കാർഡ് ഇടപാടുകൾ സൗകര്യപ്രദമാകും വിധത്തിൽ കൈകാര്യം ചെയ്യുന്നതിനാണ് ആർബിഐ അടുത്തിടെ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയത്. ഉപയോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് കാർഡുകളുടെ ബില്ലിംഗ് സൈക്കിളും തീയതിയും നിശ്ചയിക്കാനാകും. ഇത് സംബന്ധിച്ച് ക്രെഡിറ്റ് കാർഡ് കമ്പനികൾക്ക് ആർബിഐ നിർദ്ദേശം കൈമാറി. മാസ്റ്റർ ഡയറക്ഷൻ ക്രെഡിറ്റ് കാർഡ്-ഡെബിറ്റ് കാർഡ് ഇഷ്യു ചെയ്യുന്നതിലും ഉപയോഗിക്കുന്നതിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
രണ്ട് ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ് തീയതികളെ വേർതിരിക്കാനുള്ള സമയത്തിന്റെ ഇടവേളയെയാണ് ബില്ലിംഗ് കാലയളവ് അഥവാ ബില്ലിംഗ് സൈക്കിൾ എന്ന് പറയപ്പെടുന്നത്. ഇതനുസരിച്ച് ഉപയോക്താക്കളുടെ പ്രതിമാസ ക്രെഡിറ്റ് കാർഡ് ബിൽ ഒരു തീയതിയിൽ ജനറേറ്റ് ചെയ്യപ്പെടും. സാധാരണയായി ഒരു സ്റ്റേറ്റ്മെന്റ് തീയതിക്ക് ശേഷം 45 മുതൽ 50 ദിവസം വരെ പലിശ രഹിത കാലയളവ് ഉണ്ടാകുന്നതായിരിക്കും. ബില്ലിംഗ് സൈക്കിളിൽ വരുത്തുന്ന മാറ്റത്തിന് അനുസരിച്ച് ക്രെഡിറ്റ് കാർഡ് പെയ്മെന്റ് സമയപരിധിയിലും മാറ്റമുണ്ടാകും.