വികസനത്തിനായി ദാഹിച്ചിരിക്കുന്ന കൊല്ലം ജനത, ഫലത്തിൽ മാറ്റം പ്രതിഫലിക്കും; തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങാൻ ജി. കൃഷ്ണകുമാർ

Published by
Janam Web Desk

കൊല്ലത്ത് ശക്തമായ ത്രികോണ മത്സരത്തിൽ അരയും തലയും മുറുക്കി ജി. കൃഷ്ണകുമാർ. സർവ മേഖലയിലും മുന്നിട്ട് നിന്ന സ്ഥലമായിരുന്നു കൊല്ലം. എന്നാൽ ഇന്ന് വികസനത്തിനായി ദാഹിച്ചിരിക്കുന്ന ജനതയാണ് അവിടെയുള്ളതെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റം പ്രതിഫലിക്കും. കൊല്ലത്താണ് ഇനി എന്റെ ഇല്ലമെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന് വളരെ വളക്കൂറുള്ള സ്ഥലമാണ് കൊല്ലം. കഴിഞ്ഞ തവണ അഞ്ച് ശതമാനം വോട്ട് കൂടി ഒരു ലക്ഷത്തിലെത്തിയിരുന്നു. ഇരു മുന്നണികളും കൊല്ലത്തെ തീർത്തും അവ​ഗണിച്ച് ഇന്ന് വികസനമില്ലാതാക്കിയിരിക്കുകയാണ്. നരേന്ദ്ര മോദി ആവിഷ്കരിച്ച വികസനമല്ലാതെ കൊല്ലത്ത് ഏതെങ്കിലും തരത്തിലുള്ള വികസനം എംപിക്ക് കാണിച്ച് തരാൻ കഴിയുമോയെന്നും അദ്ദേഹം ആരാഞ്ഞു. തിരുവനന്തപുരത്ത് ജനം ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ വലിയ ഉത്തരവാദിത്തം തന്നാണ് പാർലമെന്റിലേക്ക് നമ്മളെ അയക്കുന്നത്. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പിൽ നിന്ന് പരാജയപ്പെട്ടെങ്കിലും തുടർന്ന് ഞാൻ പ്രവർത്തിച്ചു കൊണ്ടിരുന്നു. തിരുവനന്തപുരത്ത് പലവിധ വികസന പദ്ധതികൾ വലിയതുറ മിനി ഹാർബറിന് വേണ്ടി നടത്തിയ ശ്രമം, ഏറെ അടുത്തെത്തിയപ്പോൾ സ്ഥല പരിമിതി പ്രശ്നമായി വന്നു. അതിന് ശേഷം ഈഞ്ചയ്‌ക്കൽ ഫ്ലൈഓവർ. പറഞ്ഞത് പോലെ നിർമ്മാണം ആരംഭിച്ച് കഴിഞ്ഞു. മെട്രോ നിർമ്മാണം വരാൻ പോകുന്നു. ഇതെല്ലാം കേന്ദ്രത്തിലെ ബിജെപി നേതൃത്വം വീക്ഷിക്കുന്നുണ്ടാകും. പ്രവർത്തനത്തിൽ നേതൃത്വം അർപ്പിച്ച വിശ്വാസമാണ് സ്ഥാനാർത്ഥിത്വമെന്നും അദ്ദേഹം പറഞ്ഞു. സിറ്റിം​ഗ് എംപി എൻ.കെ പ്രേമചന്ദ്രനാണ് കോൺ​ഗ്രസ് സ്ഥാനാർത്ഥി. നടൻ മുകേഷാണ് എൽഡിഎഫിനായി കളത്തിലിറങ്ങുന്നത്. ശക്തമായ മത്സരത്തിനാകും കൊല്ലം സാക്ഷ്യം വഹിക്കുകയെന്ന് വ്യക്തം.

Share
Leave a Comment