ന്യൂഡൽഹി: വിവാദ മദ്യനയം രൂപീകരിച്ച സമയത്ത് കെജ് രിവാൾ ഉപയോഗിച്ച ഫോൺ കാണാനില്ലെന്ന് റിപ്പോർട്ട്. രണ്ട് വർഷം മുൻപ് മുഖ്യമന്ത്രി ഉപയോഗിച്ച ഫോൺ ആണ് അപ്രത്യക്ഷമായത്. ചോദ്യം ചെയ്യലിൽ ഫോണിനെ പറ്റി അറിയില്ലെന്ന് കെജ്‌രിവാൾ പറഞ്ഞതായും ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
171-ാമത്തെ ഫോണാണ് കാണാതായിരിക്കുന്നത്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഈ ഫോണിലുണ്ട്. നേരത്തെ കേസിലെ 36 പ്രതികൾ ഉപയോഗിച്ചിരുന്ന 170 ഫോണുകൾ കാണാതായിരുന്നു. ഇവയിൽ 17 ഫോണുകൾ കണ്ടെത്തിയെന്നും ഇഡി വൃത്തങ്ങൾ പറഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ ഈ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ നേരത്തെ കേസിൽ അറസ്റ്റ് ചെയ്തത്.
തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫോണുകൾ കാണാതായത്. അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ച ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവയിൽ നിന്ന് പരമാവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ 2022 മെയ് മുതൽ 2022 ആഗസ്റ്റ് വരെയുള്ള കാലയളവിൽ പ്രതികൾ ഫോണുകളും ലാപ്ടോപ്പുകളും മാറി മാറി ഉപയോഗിച്ചിട്ടുണ്ടെന്നും ഇഡി വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. 28 വരെയാണ് ഡൽഹിയിലെ റോസ് അവന്യൂ കോടതി കെജ് രി വാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.















