തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിന്റെ കേസ് അന്വേഷണം ഇഴയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സിദ്ധാർത്ഥിന്റെ അച്ഛൻ. കേസ് അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്നും തെളിവുകൾ നശിപ്പിക്കുന്നുവെന്നും സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ് ജനംടിവിയോട് പറഞ്ഞു.
“സർക്കാർ ഇപ്പോൾ ഒന്നും പറയുന്നില്ല. എല്ലാവരുടെയും വാമൂടികെട്ടണം എന്നതായിരുന്നു സർക്കാരിന്റെ അന്നത്തെ ലക്ഷ്യം. അതിൽ അവർ വിജയിച്ചു. സമൂഹവും മാദ്ധ്യമങ്ങളും അവർക്കെതിരെ തിരിഞ്ഞതിനാൽ എല്ലാവരുടെയും വാമൂടാനാണ് അവർ ശ്രമിച്ചിരുന്നത്. അത് കൊണ്ട് മാത്രമാണ് അവർ അന്ന് സംഭവത്തിൽ ഇടപെട്ടത്.
സിബിഐ അന്വേഷണം ഉടൻ അംഗീകരിച്ചപ്പോൾ ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചതി എന്താണെന്ന് ഞങ്ങൾ അറിഞ്ഞില്ല. കൂടുംബത്തിന്റെ വാമൂടികെട്ടാനാണ് അവർ ശ്രമിച്ചിരുന്നത്. അവരുടെ കാര്യങ്ങൾ ചെയ്യാൻ അവർക്ക് ഒരാഴ്ചയോളം മതിയായിരുന്നു. പൊലീസ് അന്വേഷണം അവർ മതിയാക്കി വച്ചു. അന്വേഷണം എവിടെയും എത്തിയിട്ടില്ല. സിബിഐയ്‌ക്ക് അവർ കേസ് ഔദ്യോഗികമായി കൈമാറിയിട്ടില്ല.
പൊലീസ് കേസ് മൂടിവച്ചതിന്റെ കാര്യം ഇന്നത്തെ പത്രം വായിച്ചപ്പോൾ മനസിലായി. സസ്പെൻഡ് ചെയ്ത 33 പേരെയും തിരിച്ചെടുത്തു. ആന്റി റാഗിംങ് സ്ക്വാഡ് കണ്ടെത്തിയ 33 പേരെയാണ് തിരിച്ചെടുത്തത്. ഏത് അടിസ്ഥാനത്തിലാണ് അവരെ തിരിച്ചെടുത്തത്. രാഷ്‌ട്രീയ ഇടപെടൽ ഉറപ്പായുമുണ്ട്. വിസിയ്‌ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടാകും. ഒന്നുകിൽ സ്ഥാനക്കയറ്റമായിരിക്കും അല്ലെങ്കിൽ ഇവിടെന്ന് പോയി കഴിഞ്ഞാലും നിങ്ങളെ സഹായിക്കാമെന്ന് ആരെങ്കിലുമൊക്കെ ഉറപ്പ് നൽകിയിട്ടുണ്ടാകും.
നീതിയ്‌ക്ക് നിരക്കാത്ത കാര്യങ്ങളാണ് വിസിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഉറപ്പായും രാഷ്‌ട്രീയ ഇടപെടലുണ്ടായിരിക്കും. എന്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുത്തത്. ഡീനിനെതിരെ എന്തുകൊണ്ടാണ് ഒരു നടപടിയും സ്വീകരിക്കത്തത്. മറുപടി കിട്ടിയെ കഴിയൂ. തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നു. നീതി കിട്ടുമോ എന്ന സംശയമാണ് ഇപ്പോൾ.
ആദ്യം ഗവർണറെ കാണും. നമുക്ക് അതിനുള്ള അവകാശമുണ്ട്. അന്വേഷണം അടിമറിക്കപ്പെടുന്നുവെന്നും തെളിവുകൾ നശിപ്പിക്കുന്നുവെന്നും ഗവർണറെ ബോധിപ്പിക്കും. അന്വേഷണം വൈകിപ്പിക്കുന്നതിനെ കുറിച്ച് ഗവർണറോട് പറയും. നീതി ലഭിക്കുമെന്ന് ഉറപ്പ് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലേക്ക് പ്രതിഷേധവുമായി പോകും. ഒരു മന്ത്രിയുടെ വീട്ടിലും നിവേദനവുമായി ഇനി ഞങ്ങൾ പോകുന്നില്ല. ഞാൻ എന്റെ കുടുംബത്തോടൊപ്പമാണ് പ്രതിഷേധിക്കുന്നത്. ശക്തമായി രീതിയിൽ തന്നെ പ്രതിഷേധിക്കും”- ജയപ്രകാശ് പറഞ്ഞു.















