എറണാകുളം: കേരളത്തിൽ നിന്ന് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ വഴിയുള്ള കോളുകളിലധികവും ബംഗ്ലാദേശിലേക്കും പാകിസ്താനിലേക്കുമാണെന്ന് റിപ്പോർട്ട്. ഫോൺ വിളികൾക്ക് പിന്നിൽ ചാരപ്രവർത്തനവും ഭീകരവാദവുമെന്നാണ് സൂചന. കേരളത്തിൽ നിന്ന് സമാന്തര എക്‌സ്‌ചേഞ്ചുകളുടെ നിയമ വിരുദ്ധ കോളുകൾ നടത്തിയതിലധികവും ഇതര സംസ്ഥാന തൊഴിലാളികൾ എന്ന പേരിൽ കുടിയേറിയ ബംഗ്ലാദേശികളാണ്.
14 പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 20 സമാന്തര ടെലിഫോൺ എക്‌ചേഞ്ച് കേസുകളിലെ അന്വേഷണം സംസ്ഥാന സർക്കാർ എൻഐഎയ്‌ക്ക് കൈമാറിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിക്കുന്നതോടെ എൻഐഎ സമഗ്ര അന്വേഷണം ആരംഭിക്കും. സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ വഴിയുള്ള ഫോൺ കോളുകൾ കൂടുതലായും നടന്നിട്ടുള്ളത് ഭീകരവാദ പ്രവർത്തനങ്ങൾക്കും, ചാരപ്രവർത്തനങ്ങൾക്കുമാണെന്ന് ഐ.ബിയും കണ്ടെത്തിയിരുന്നു.
പാകിസ്താനിലേക്ക് വിളിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐയ്‌ക്കായി പ്രവർത്തിക്കുന്നവർ കേരളത്തിലെ ഐ എസ് സ്ലീപ്പർ സെല്ലുകളിലും ഉൾപ്പെട്ടിട്ടുണ്ട്. ബംഗാളികളെന്ന പേരിൽ രാജ്യത്ത് അനധികൃതമായി കുടിയേറി താമസിക്കുന്നവരുടെ വിവരങ്ങൾ എൻഐഎ നേരത്തെ ശേഖരിച്ചിരുന്നു.
സമൂഹ മാദ്ധ്യമ ഗ്രൂപ്പുകൾ വഴി ബംഗ്ലാദേശിലുള്ള ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ടിരുന്ന ഇവരിൽ ചിലർ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകളിലൂടെ നടത്തിയ ഫോൺകോളുകളാണ് ദുരൂഹതയുയർത്തുന്നത്. ഇന്ത്യയിൽ നിന്നെടുത്ത സിമ്മിലും, മൊബൈൽ ഫോണിലും ഹോട് സ്‌പോർട്ട് ഷെയർ ചെയ്ത് കൂടുതൽ പേർ ഒരേ സമയം നാട്ടിലേക്ക് വിളിക്കുകയായിരുന്നു ചെയ്തിരുന്നത്. സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകളുടെ ഭീകരവാദ ബന്ധത്തിൽ അന്വേഷണം ഏറ്റെടുക്കുന്ന എൻഐഎ പൊലീസിന്റെയും, സൈബർ ക്രൈം വിംഗിന്റെയും റിപ്പോർട്ടുകൾ കൂടി അടിസ്ഥാനമാക്കി അന്വേഷണം നടത്തും.
ഇത്തരം എക്‌സ്‌ചേഞ്ചുകൾ രാജ്യത്ത് പ്രവർത്തിപ്പിക്കാൻ വേണ്ട സൗകര്യങ്ങൾ പാക് ചാരസംഘടന ഒരുക്കി നൽകുന്നുണ്ടെന്നാണ് വിവരം. ഇന്റർനാഷണൽ ഇന്റർകണക്ട് കാരിയറെ ഒഴിവാക്കി രഹസ്യാത്മകമായി ഇന്റർനെറ്റ് കോൾ ബൈപ്പാസ് ചെയ്തായിരുന്നു സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകളുടെ പ്രവർത്തനം.