കോട്ടയം: പാലായിൽ കടപ്പാട്ടൂർ ബൈപ്പാസിൽ ക്രെയിൻ സർവീസ് വാഹനം ഇടിച്ച് വയോധികന് ദാരുണാന്ത്യം. കടപ്പാട്ടൂർ കേളപ്പനാൽ ഔസേപ്പച്ചനാണ് മരിച്ചത്. റോഡിലേക്ക് തെറിച്ച് വീണ ഔസേപ്പച്ചന്റെ തലയിലൂടെ വാഹനം കയറിയിറങ്ങിയതിനെ തുടർന്നാണ് ജീവൻ നഷ്ടമായത്.
ബൈപ്പാസിൽ ഗ്രാമീണം സ്വാശ്രയ സംഘത്തിന് മുന്നിൽ ഇന്ന് രാവിലെ 8.15-ഓടെയായിരുന്നു അപകടം. ചായ കുടിച്ച ശേഷം വീട്ടിലേക്ക് നടന്നു പോകവെയാണ് വയോധികനെ ക്രെയിൻ തട്ടിയത്. പാലാ പൊലീസും അഗ്നിരക്ഷാ സേനയും സംഭവ സ്ഥലത്തെത്തി റോഡും വാഹനത്തിന്റെ ടയറുകളും ശുചിയാക്കി. പ്രദേശത്ത് ഗതാഗതം പുനഃസ്ഥാപിച്ചു.