ട്വിന്റി ട്വിന്റിയുടെ മെഡിക്കൽ സ്റ്റോർ അടച്ചു; പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ; സിപിഎമ്മിന്റെ പ്രതികാര രാഷ്‌ട്രീയമെന്ന് സാബു ജേക്കബ്

Published by
Janam Web Desk

എറണാകുളം: കിഴക്കമ്പലത്ത് ട്വിന്റി ട്വിന്റി ആരംഭിച്ച മെഡിക്കൽ സ്റ്റോറിന്റെ പ്രവർത്തനം എറണാകുളം ജില്ലാ കളക്ടർ തടഞ്ഞു. പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. കിഴക്കമ്പലം പ്രദേശവാസികളായ രണ്ടുപേർ നൽകിയ പരാതിയിലാണ് നടപടി. എന്നാൽ, സിപിഎമ്മിന്റെ പ്രതികാര രാഷ്‌ട്രീയമാണ് ഇതെന്നാണ് ട്വിന്റി ട്വിന്റിയുടെ ആരോപണം.

ട്വിന്റി ട്വിന്റിയുടെ ഭക്ഷ്യ സുരക്ഷാ മാർക്കറ്റിനൊപ്പം 80 ശതമാനം വിലക്കുറവ് നൽകുന്ന മെഡിക്കൽ സ്റ്റോർ വ്യാഴാഴ്ചയായിരുന്നു പ്രവർത്തനം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷമായിരുന്നു ഉദ്ഘാടനം. മരുന്ന് ഷോപ്പിനുള്ള നടപടികൾ നേരത്തെ ആരംഭിച്ചെന്നും പാർട്ടിയുമായി ബന്ധമില്ലെന്നുമായിരുന്നു ട്വിന്റി ട്വന്റിയുടെ പാർട്ടി പ്രസിഡന്റ് സാബു എം ജേക്കബ് പറയുന്നത്.

എന്നാൽ, ട്വന്റി ട്വന്റി രാഷ്‌ട്രീയപാർട്ടിയും ട്വന്റി ട്വന്റി അസോസിയേഷനുംനയിക്കുന്നതെന്ന് വിലയിരുത്തിയാണ് നടപടി. കൂടാതെ, മെഡിക്കൽ സ്റ്റോർ പ്രവർത്തിക്കുന്ന ഭക്ഷ്യ സുരക്ഷാ മാർക്കറ്റിന്റെയും ട്വിന്റി ട്വന്റിയുടെയും ലോ​ഗോയും ഒന്നാണ്. അതിനാൽ, പെരുമാറ്റചട്ടം ലംഘിച്ചെന്ന് വിലയിരുത്തിയാണ് മെഡിക്കൽ സ്റ്റോർ അടയ്‌ക്കാാൻ ജില്ലാ കളക്ടർ ഉത്തരവിട്ടത്.

ഇത്കൂടാതെ, ട്വിന്റി ട്വന്റി പാർട്ടിയിൽ അം​ഗത്വം ഉള്ളവർക്ക് മാത്രമാണ് ഭക്ഷ്യ സുരക്ഷാ മാർക്കറ്റിൽ പ്രവേശനവും അനുവദിച്ചിരിക്കുന്നത്. ഈ കാര്യവും പരാതിയിൽ പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധനയ്‌ക്ക് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Share
Leave a Comment