തങ്ങളുടെ എംപിമാർക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ചൈനയാണെന്ന ഗുരുതര ആരോപണവുമായി ബ്രിട്ടൺ. ചൈനീസ് സർക്കാരുമായി അടുത്ത ബന്ധമുള്ള രണ്ട് സംഘങ്ങളാണ് ഇതിന് ഉത്തരവാദികളെന്നും ബ്രിട്ടൺ ആരോപിച്ചു. രാജ്യത്തെ നാല് കോടിയോളം വോട്ടർമാരെ സംബന്ധിച്ചുള്ള വിവരങ്ങൾ ബ്രിട്ടണിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റ് ഹാക്ക് ചെയ്ത് ഇവർ ശേഖരിച്ചതായും ഫോറിൻ കോമൺവെൽത്ത് ആന്റ് ഡെവലപ്മെന്റ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ജനാധിപത്യ രാജ്യങ്ങളേയും അവിടുത്തെ പാർലമെന്റേറിയന്മാരെയും ലക്ഷ്യമിട്ടു കൊണ്ട് ചൈനീസ് ഭരണകൂടവുമായി ബന്ധമുള്ള സംഘടനകളും വ്യക്തികളും നടത്തുന്ന സൈബർ ആക്രമണത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി. 2021ലാണ് പാർലമെന്റ് അംഗങ്ങൾക്കെതിരെ രഹസ്യാന്വേഷണ പ്രവർത്തനം നടത്തിയതെന്നാണ് നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെ വിലയിരുത്തൽ.
2021 ഓഗസ്റ്റിൽ വോട്ടർമാരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി വിവരം പുറത്ത് വന്നിരുന്നു. 2022 ഒക്ടോബറിലാണ് ഇത് കണ്ടെത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇമെയിലുകളും നിർണായക ഡേറ്റകൾ ഉൾപ്പെടുത്തിയ വിവരങ്ങളും ഇലക്ടറൽ രജിസ്റ്ററിന്റെ പകർപ്പും ഉൾപ്പെടുത്തിയ സെർവറുകളിലേക്ക് ചൈനീസ് സംഘങ്ങൾക്ക് ആക്‌സസ് ലഭിച്ചിരുന്നു. സ്വേച്ഛാധിപത്യപരമായ രീതിയെന്നാണ് നീക്കത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് വിശേഷിപ്പിച്ചത്. വലിയ വെല്ലുവിളിയാണ് ഇതെന്നും, ഭീഷണിയെ പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സൈബർ ആക്രമണത്തെ സംബന്ധിച്ചുള്ള ബ്രിട്ടന്റെ ആരോപണങ്ങൾ ചൈന തള്ളി. അപകീർത്തികരമായ പരാമർശമാണിതെന്നാണ് ചൈന പ്രതികരിച്ചത്. സൈബർ ആക്രമണങ്ങളേയും നുഴഞ്ഞുകയറ്റങ്ങളേയും പ്രതിരോധിക്കുന്നതിൽ ദൃഢനിശ്ചയത്തോടെയാണ് തങ്ങൾ മുന്നോട്ട് പോകുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ അവകാശപ്പെട്ടു.















