യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് തണ്ടേൽ സിനിമയെന്ന് നടൻ നാഗ ചൈതന്യ . ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് നിന്ന് മത്സ്യബന്ധത്തിന് പോകുകയും , പാകിസ്താനിൽ വച്ച് പിടിക്കപ്പെടുകയും ചെയ്തവരെ പറ്റിയുള്ള കഥയാണിതെന്നും നാഗചൈതന്യ പറഞ്ഞു.
‘ ഞാൻ കുറേക്കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് തണ്ടേൽ . അത് എനിക്ക് വളരെ സ്പെഷ്യൽ സിനിമയാണ്. ഒന്നാമതായി, ഞാൻ ഒരിക്കലും ഇത്തരത്തിലുള്ള സംഭവം പരീക്ഷിച്ചിട്ടില്ല. 2018ൽ ശ്രീകാകുളത്ത് നിന്നുള്ള ഈ മത്സ്യത്തൊഴിലാളികൾ ഉൾപ്പെട്ട ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. സാധാരണയായി അവർ ഗുജറാത്തിൽ പോയി അവിടെ നിന്നാണ് മീൻ പിടിക്കാൻ പോകുന്നത്. എന്നാൽ അവരുടെ ഒരു യാത്രയിൽ, അവർ പാകിസ്താൻ അതിർത്തിയിലേക്ക് എത്തുകയും പിടിക്കപ്പെടുകയും ചെയ്തു.“ – താരം പറഞ്ഞു.
ഈ വേദനാജനകമായ അനുഭവത്തിലൂടെ കടന്നുപോയ ശ്രീകാകുളത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളെ താൻ കണ്ടുമുട്ടിയതായും നാഗ ചൈതന്യ വെളിപ്പെടുത്തി . ചിത്രത്തിലെ പ്രണയകഥയും അവരുടെ ഒരു പ്രണയകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് . “ഒന്നര വർഷത്തോളം ജയിലിൽ കിടന്ന അവരുടെ ജീവിതവും, യാത്രയും അവർ എങ്ങനെ പുറത്തിറങ്ങുന്നു എന്നതുമാണ് സിനിമയുടെ ഇതിവൃത്തം. പ്രചോദനാത്മകമായ ഒരു കഥയാണ്. ഞാൻ ഈ മത്സ്യത്തൊഴിലാളികളെ കണ്ടു, അവരോടൊപ്പം സമയം ചിലവഴിച്ചു, അവർ കടന്നു പോയതിനെ കുറിച്ച് പഠിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.
യഥാർത്ഥ ജീവിതത്തിലെ ദമ്പതികൾ ഇപ്പോൾ വിവാഹിതരാണ്. ആ ഭാര്യ ഈ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പോരാടുകയും അവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ സർക്കാരിനെ പ്രേരിപ്പിക്കുകയും ചെയ്തു. ഈ കഥ പറയാൻ എനിക്ക് അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. – നാഗചൈതന്യ പറഞ്ഞു.
ചന്ദൂ മൊണ്ടേടിയായാണ് ചിത്രത്തിന്റെ സംവിധായകൻ. സായ് പല്ലവിയാണ് നായികയായി എത്തുന്നത് .