അഹമ്മദാബാദ്: ഇഷാൻ കിഷനുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ ചർച്ച നടത്തിയതായി വിവരം. മുംബൈ ഇന്ത്യൻസ്- ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിന് ശേഷമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. നേരത്തെ മാനസികാരോഗ്യം ശരിയല്ലെന്ന് പറഞ്ഞ് ഇഷാൻ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ നിന്ന് വിട്ടുനിന്നിരുന്നു. പിന്നാലെ നിർദേശങ്ങൾ നൽകിയിട്ടും രഞ്ജിയിൽ കളിക്കാൻ തയ്യാറാകാതെ വന്നതോടെ വാർഷിക കരാറിൽ നിന്ന് കിഷനെ ബിസിസിഐ പുറത്താക്കിയിരുന്നു.
ബിസിസിഐ വാർഷിക കരാർ പുതുക്കാതെ വന്നതോടെ ദേശീയ ടീമിലെ കിഷന്റെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. മൂന്ന് ഫോർമാറ്റിലേക്കും താരത്തെ എളുപ്പം പരിഗണിക്കാനുള്ള സാധ്യതകൾ മങ്ങി. ഐപിഎല്ലിന് ശേഷം ആവശ്യത്തിന് മത്സരങ്ങൾ കളിച്ച് യോഗ്യത കൈവരിച്ചാൽ ഇഷാൻ കിഷന് കരാർ തിരികെ ലഭിക്കുമെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതോടെ ഐപിഎല്ലിലെ പ്രകടനം ഇഷാൻ കിഷന് നിർണായകമായി.
പുതിയ കരാർ വിവരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇഷാൻ കിഷനെ എന്തുകൊണ്ട് ഒഴിവാക്കി എന്ന വിശദീകരണം ബിസിസിഐ നൽകിയിരുന്നില്ല. എന്നാൽ രഞ്ജി ട്രോഫി കളിക്കണമെന്ന നിർദേശം ലംഘിച്ചതാണ് താരത്തിന് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ വ്യക്തിപരമായ കാരണം പറഞ്ഞ് അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയ ഇഷാൻ കിഷൻ പിന്നീട് ദേശീയ ടീം സെലക്ഷന് തന്റെ പേര് നൽകിയില്ല. ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിന്ന ശേഷം ഇഷാൻ ജാർഖണ്ഡിനായി രഞ്ജി കളിക്കാൻ തയ്യാറാവാതിരുന്നത് ബിസിസിഐയെ ചൊടിപ്പിച്ചു. ശ്രേയസ് അയ്യരുടെയും വാർഷിക കരാർ ബിസിസിഐ പുതുക്കിയിട്ടില്ല.