വാഷിംഗ്ടൺ: ബാൾട്ടിമോറിൽ ചരക്കുകപ്പൽ ഇടിച്ച് തകർന്ന ഫ്രാൻസിസ് സ്‌കോട് കീ ബ്രിഡ്ജ് സാധാരണ പാലമായിരുന്നില്ലെന്നും, അമേരിക്കയുടെ നിർമ്മാണ വൈദഗ്ധ്യത്തിന്റെ വലിയൊരു തെളിവ് ആയിരുന്നുവെന്നും യുഎസ് ഗതാഗത സെക്രട്ടറി പീറ്റ് ബട്ട്ഗീഗ്. പാലം സാധാരണ നിലയിലേക്ക് ആക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള പ്രക്രിയ ആയിരിക്കില്ലെന്നും തങ്ങൾക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളിയാണെന്നും പീറ്റ് പറയുന്നു.
” എല്ലാം സാധാരണ നിലയിലേക്ക് വേഗത്തിൽ എത്തിക്കുക എന്നത് അത്ര എളുപ്പ കാര്യമല്ല. അത് ചെലവു കുറഞ്ഞൊരു പ്രക്രിയ ആയിരിക്കില്ല. പാലം പഴയ രീതിയിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരും. എന്നാൽ വലിയൊരു നിർമ്മാണ ചെലവ് ഇതിന് ആവശ്യമാണ്. പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചത് പോലെ ബാൾട്ടിമോറിലെ ജനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും.
പാലം പുനർനിർമ്മിക്കാനും ഈ തുറമുഖം വീണ്ടും തുറക്കുന്നതിനും എല്ലാവരുമായും യോജിച്ച് പ്രവർത്തിക്കുക എന്നതാണ് നിലവിൽ പദ്ധതി ഇട്ടിരിക്കുന്നത്. അടിയന്തര ധനസഹായം കൈമാറുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വേഗത്തിലാക്കും. യുഎസ് മാരിടൈം അഡ്മിനിസ്‌ട്രേഷന്റെ സഹായത്തോടെ ഹാർബർ പോർട്ട്, ഹാർബർ, സപ്ലൈ ചെയിൻ പ്രവർത്തനങ്ങൾ എന്നിവ സാധാരണ നിലയിലേക്ക് എത്തിക്കാൻ ശ്രമിക്കും.
നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തും. തുറമുഖം എത്രയും വേഗം തുറന്ന് പ്രവർത്തനം ആരംഭിക്കും. അതിനിടയിലുണ്ടാകുന്ന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക എന്നതും മറ്റൊരു ഘടകമാണ്.രക്ഷാപ്രവർത്തനത്തിലും സഹായങ്ങൾ കൈമാറുന്നതിലുമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും” പീറ്റ് പറയുന്നു. ബാൾട്ടിമോർ തുറമുഖത്ത് നിന്നും കൊളംബോയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് ”ഡാലി” എന്ന ചരക്കുകപ്പൽ അപകടത്തിൽ പെടുന്നത്. സംഭവത്തിന് പിന്നാലെ തുറമുഖം താത്കാലികമായി അടച്ചു. തുറമുഖത്തേക്ക് കപ്പലുകൾ എത്തുന്നത് ഉൾപ്പെടെ തടഞ്ഞിട്ടുണ്ട്.















