ബിജെഡി വിട്ട ഭർതൃഹരി മഹ്താബ് എംപി ബിജെപിയിൽ ചേർന്നു; കട്ടക്കിൽ നിന്ന് മത്സരിച്ചേക്കും

Published by
Janam Web Desk

ന്യൂഡൽ​ഹി: മുതിർന്ന ബിജെഡി എംപിയും പാർട്ടി സ്ഥാപക ​അം​ഗവുമായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് മഹ്താബ് ബിജെപി അം​ഗത്വം സ്വീകരിച്ചത്.

മാർച്ച് 22-ന് ബിജെഡി വിടുന്നകാര്യം മഹ്താബ് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിരുന്നു. കട്ടക്ക് ലോക്‌സഭാ മണ്ഡലത്തിൽ ബിജെഡിയുടെ സന്തൃപ്ത് മിശ്രയ്‌ക്കെതിരെ മഹ്താബ് മത്സരിക്കും. പാർട്ടി വിട്ടതിന് ശേഷം മുഖ്യമന്ത്രി നവീൻ പട്നായികിനെതിരെ രൂക്ഷ വിമർശനങ്ങളുമായി മഹ്താബ് രം​​ഗത്തെത്തുകയും ചെയ്തു.

ആറ് തവണ എംപിയായ നേതാവാണ് ഭർതൃഹരി മഹ്താബ്. മികച്ച പാർലമെന്റേറിയനുളള പുരസ്‌കാരം ഉൾപ്പെടെ അദ്ദേഹം നേടിയിട്ടുണ്ട്. 2017 മുതൽ തുടർച്ചയായ നാല് വർഷങ്ങളിൽ സൻസദ് രത്‌ന പുരസ്‌കാരം ലഭിച്ചിരുന്നു. നിലവിൽ തൊഴിൽ കൈത്തറി നൈപുണ്യ വികസനത്തിനായുളള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണാണ് ഭർതൃഹരി.

ഒഡീഷയിൽ വരുന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി സ്വതന്ത്രമായി മത്സരിക്കുമെന്ന് ഒഡീഷ സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ മൻമോഹൻ സമൽ പ്രഖ്യാപിച്ചു. ബിജെഡിയും ബിജെപിയും തമ്മിൽ നടന്ന തെരഞ്ഞെടുപ്പിന് മുമ്പുള്ള ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം.

Share
Leave a Comment