പോയവർഷത്തെ ഐപിഎൽ ഫൈനലിലെ വൈകാരിക നിമിഷത്തെക്കുറിച്ച് വാചാലനായി സ്പിന്നർ രവീന്ദ്ര ജഡേജ. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള ആവേശ മത്സരത്തിൽ ജഡേജയാണ് ചെന്നൈയ്‌ക്ക് ജയവും അഞ്ചാമത്തെ കിരീടവും സമ്മാനിച്ചത്. ഇതിന് ശേഷം നടന്ന ആഹ്ളാദ പ്രകടനത്തിൽ ജഡേജയെ എടുത്തുയർത്തി വൈകാരികമായി പ്രതികരിക്കുന്ന എം.എസ് ധോണിയെ കാണാനായിരുന്നു.
ഇതിനോട് രസകരമായി പ്രതികരിക്കുകയായിരുന്നു ഓൾറൗണ്ടർ.അതൊരു പ്രത്യേക മുഹൂർത്തമെന്നാണ് ജഡേജ ആ നിമിഷത്തെ വിശേഷിപ്പിച്ചത്. ‘ഒരു പക്ഷേ സാക്ഷി ഭാബിക്ക് ശേഷം എന്നെയാകും ധോണി ഭയ്യ എടുത്തുയർത്തിയത്”.—ചിരിയോടെ ജഡേജ പറഞ്ഞു.
സമീർ റിസ്വിയും ധോണിയെ കണ്ട നിമിഷത്തെക്കുറിച്ചും സംസാരിച്ചതിനെക്കുറിച്ചും പറഞ്ഞു. സി.എസ്.കെ ടീമിലുൾപ്പെടുത്തിയപ്പോൾ അദ്ദേഹത്തെ കാണാനാവുമെന്ന എറ്റവും വലിയ സ്വപ്നമാണ് സഫലമാകാൻ പോകുന്നതെന്ന സന്തോഷമായിരുന്നു. നെറ്റ്സിൽ അദ്ദേഹത്തിനൊപ്പം സമയം ചെലവിട്ട് ഒരുപാട് കാര്യങ്ങൾ പഠിക്കാനായെന്നും സമീർ പറഞ്ഞു.
‘ സാധാരണ ആഭ്യന്തര ടൂർണമെന്റുകളിൽ കളിക്കുന്നത് പോലെ ഇവിടെയും കളിച്ചാൽ മതി. വലിയ വ്യത്യാസമൊന്നുമില്ല. ടെക്നിക്ക് എല്ലാം ഒന്നുതന്നെ. ഒരിക്കലും പേടിക്കുകയോ മാനസിക സമ്മർദ്ദത്തിന് അടിമപ്പെടുകയോ ചെയ്യരുത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിക്കണം”. — എന്നാണ് ധോണി ഭയ്യ പറഞ്ഞതെന്ന് സമീർ ഐപിഎൽ പുറത്തിറക്കിയ വീഡിയോയിൽ വ്യക്തമാക്കുന്നു.